ഫോളോവേഴ്സിന്റെ എണ്ണത്തിൽ പുതിയ ചരിത്രം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സമൂഹ മാധ്യമങ്ങളിൽ ലോകത്ത് ഏറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബെന്ന നേട്ടമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ട്വിറ്ററിലൂടെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ലോകത്ത് ഏറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്ന നൂറ് ഫുട്ബോൾ ക്ലബ്ബുകളിൽ ഇന്ത്യയിൽ നിന്നുൾപ്പെട്ട ഏക ടീമും ബ്ലാസ്റ്റേഴ്സാണ്. ഈ പട്ടികയിൽ 70ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. സി.ഐ.ഇ.എസ് ഫുട്ബോൾ ഒബ്സെർവേറ്ററി നടത്തിയ സർവേയിലാണ് ആദ്യ നൂറിൽ ബ്ലാസ്റ്റേഴ്‌സ് ഇടംപിടിച്ചത്.
”സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്സിനെ മാറ്റിയതിന് നന്ദി. അടുത്തിടെ സി.ഐ.ഇ.എസ് ഫുട്‌ബോൾ ഒബ്‌സർവേറ്ററി നടത്തിയ സർവേയിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന 100 ഫുട്‌ബോൾ ക്ലബ്ബുകളുടെ പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് ഇടംപിടിച്ചിരിക്കുന്നു. നിങ്ങളുടെ നിരന്തരമായ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമല്ല. കൂടുതൽ നാഴികക്കല്ലുകൾ സൃഷ്ടിച്ച് നമുക്ക് മുന്നേറാം” ബ്ലാസ്റ്റേഴ്‌സ് കുറിച്ചു.