ഏകദിന കരിയറിൽ 7000 റൺസ് പൂർത്തിയാക്കി ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ

ഏകദിന കരിയറില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കി ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. പാകിസ്ഥാനില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താവാതെ 133 റണ്‍സ് നേടിയതോടെയാണ് വില്യംസണ്‍ 7000 ക്ലബ്ലിലെത്തിയത്. വില്യംസണിന്റെ സെഞ്ചുറി ബലത്തില്‍ ന്യൂസിലന്‍ഡ് മത്സരം ജയിക്കുകയും ചെയ്തു. 304 റണ്‍സ് വിജയലക്ഷ്യം 48.4 ഓവറില് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ന്യൂസിലന്‍ഡ്. വില്യംസണിന് പുറമെ ഡെവോണ്‍ കോണ്‍വെ 97 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ കിവീസ് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.

133 റണ്‍സ് നേടിയതോടെ ഒരു നേട്ടവും വില്യംസണ്‍ സ്വന്തമാക്കി. പിന്തള്ളിയതാവട്ടെ സാക്ഷാല്‍ വിരാട് കോലിയേയും. ഏകദിനത്തില്‍ വേഗത്തില്‍ 7000 ക്ലബിലെത്തുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് വില്യംസണ്‍. 159 ഇന്നിംഗ്‌സില്‍ നിന്നാണ് വില്യംസണ്‍ മാന്ത്രിക സംഖ്യ പിന്നിട്ടത്. ഇന്ത്യന്‍ സീനിയര്‍ താരം കോലിക്ക് 161 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നിരുന്നു. അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് വീണു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് നാലാം സ്ഥാനത്ത്. 166 ഇന്നിംഗ്‌സുകളില്‍ നിന്ന് ഡിവില്ലിയേഴ്‌സ് 7000 റണ്‍സിലെത്തി. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി (174 ഇന്നിംഗ്‌സ്), ഇപ്പോഴത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (181 ഇന്നിംഗ്‌സ്) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഹാഷിം അംലയാണ് പട്ടിക നയിക്കുന്നത്. 150 ഇന്നിംഗ്‌സില്‍ നിന്നാണ് താരം 7000 റണ്‍സിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *