ഏകദിനത്തിലും ടെസ്റ്റിലും ഫിറ്റ്‌നസുള്ളിടത്തോളം കാലം കോലിയും രോഹിതും തുടരും; ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ ശേഷം ഗൗതം ഗംഭീര്‍ നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനമാണ് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ നടന്നത്. ടീമിനെക്കുറിച്ചും സെലക്ഷന്‍ പ്രക്രിയയെക്കുറിച്ചും ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ചുമെല്ലാം നിലനിന്നിരുന്ന പല ഊഹാപോഹങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ടി20 ലോകകപ്പോടെ ഫോര്‍മാറ്റില്‍നിന്ന് വിരമിച്ച വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഭാവിയെപ്പറ്റിയുള്ള സൂചനകളും അദ്ദേഹം നല്‍കി.

ഇരുവരും ഏകദിനത്തിലും ടെസ്റ്റിലും ഫിറ്റ്‌നസുള്ളിടത്തോളം കാലം തുടരുമെന്നാണ് ഗംഭീറിന്റെ നിലപാട്. രോഹിത് 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിലുണ്ടാവുമെന്ന് നേരത്തേ ബി.സി.സി.ഐ. പ്രസിഡന്റ് ജയ്ഷാ വ്യക്തമാക്കിയിരുന്നു. എന്നാല്‍, രോഹിത്തിനും കോലിക്കും അതിനുമപ്പുറത്തേക്കുള്ള വഴി തുറന്നിട്ടിരിക്കുകയാണ് ഗൗതം ഗംഭീര്‍. അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഇരുവരും ടീമിനൊപ്പമുണ്ടായേക്കും.

‘ഏകദിന ലോകകപ്പിലാവട്ടെ, ടി20 ലോകകപ്പിലാവട്ടെ. വലിയ മത്സരങ്ങളില്‍ അവര്‍ക്ക് എന്ത് ചെയ്യാനാവുമെന്ന് അവര്‍ കാണിച്ചുതന്നിട്ടുണ്ട്. ഒരുകാര്യം ഞാന്‍ വളരെ കൃത്യമായി പറയാന്‍ ആഗ്രഹിക്കുന്നു. രണ്ട് പേരിലും ഇനിയുമൊരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട് എന്നതാണത്. അതിലും പ്രധാനമായി ചാമ്പ്യന്‍സ് ട്രോഫി വരുന്നു, ഓസ്‌ട്രേലിയന്‍ പര്യടനം വരുന്നു. അത് അവരെ പ്രചോദിപ്പിക്കും. അവര്‍ക്ക് അവരുടെ ശാരീരികക്ഷമത പുലര്‍ത്താന്‍ കഴിയുമെങ്കില്‍, 2027 ലോകകപ്പും അവർക്ക് അകലെയല്ല’, ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.

ഇത് വളരെ വ്യക്തിഗതമായ തീരുമാനമാണ്. അവരില്‍ എത്രകണ്ട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്ക് പറയാനാവില്ല. ആത്യന്തികമായി അത് അവരുടെ കാര്യമാണ്. ടീമിന്റെ വിജയത്തില്‍ എത്രത്തോളം സംഭാവന നല്‍കാനാവുമെന്ന് തീരുമാനിക്കേണ്ടത് കളിക്കാരാണ്. ടീമാണ് പ്രധാനം. കോലിക്കും രോഹിത്തിനും എന്ത് നല്‍കാനാവുമെന്ന് നോക്കിയാല്‍, ഇരുവരിലും ഒരുപാട് ക്രിക്കറ്റുണ്ട്. അവരിപ്പോഴും ലോകോത്തര താരങ്ങളാണ്. ഇരുവരെയും ഏത് ടീമിനും സാധ്യമായത്ര കാലം ആവശ്യമാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *