എമര്‍ജിങ് ഏഷ്യാകപ്പ് ടി 20 ടൂര്‍ണമെന്റില്‍ പാകിസ്ഥാന് എ ടീമിനെ തോൽപ്പിച്ച് ഇന്ത്യ എ. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പാകിസ്ഥാന് എയെ ഏഴു റണ്‍സിനാണ് ഇന്ത്യ എ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. എന്നാല്‍ ഇന്ത്യ മുന്നോട്ടു വെച്ച 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് എയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും പ്രഭ്സിമ്രാന് സിങ്ങും പവര്‍പ്ലേയില്‍ 68 റണ്‍സ് നേടി ഇന്ത്യയ്ക്ക് മികച്ച അടിത്തറയാണ് നല്‍കിയത്. അഭിഷേക് 35 റണ്‍സെടുത്ത് പുറത്തായി. പ്രഭ്സിമ്രന് 19 പന്തില്‍ 36 റണ്‍സെടുത്തു. പിന്നീട് ഒത്തുചേര്‍ന്ന നെഹാല്‍ വധേരയും ക്യാപ്റ്റന്‍ തിലക് വര്‍മ്മ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോര്‍ 100 കടത്തിയത്. തിലക് വര്‍മ്മ 44 റണ്‍സെടുത്തു. കാംബോജാണ് കളിയിലെ താരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ തകർച്ചയോടെയാണ് തുടങ്ങിയത്. തുടക്കത്തിൽ തന്നെ അവർക്ക് ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസിനെ നഷ്ടമായി. ആറു റണ്‍സെടുത്ത ഹാരിസിനെ അന്‍ഷുല്‍ കംബോജാണ് പുറത്താക്കിയത്. അബ്ദുള്‍ സമദും അബ്ബാസ് അഫ്രീദിയും വമ്പൻ ഷോട്ടുകളിലൂടെ ഇന്ത്യ എയെ വിറപ്പിച്ചു. അവസാന ആറ് പന്തില്‍ 17 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്. സമദിനെ പുറത്താക്കി അന്‍ഷുല്‍ വീണ്ടും കളി ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവന്നു. അവസാന ഓവറില്‍ പാകിസ്ഥാന് 9 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ, 7 റണ്‍സിന് ഇന്ത്യ വിജയിച്ചു.