ഇഷാൻ കിഷനെതിരെ കടുത്ത നടപടിക്ക് സാധ്യത; താരത്തിന്റെ കോൺട്രാക്റ്റ് ബിസിസിഐ റദ്ദാക്കിയേക്കും

അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ വിവാദങ്ങളില്‍ ഉള്‍പ്പെട്ട താരമാണ് ഇഷാന്‍ കിഷന്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് തുടങ്ങുന്നു കിഷനുമായുള്ള പ്രശ്‌നങ്ങള്‍. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കിഷനെ ബഞ്ചിലിരുത്തുകയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കിഷന്‍ പിന്‍വാങ്ങുകയായിരുന്നു. മനസിക സമ്മര്‍ദ്ദമെന്ന് പറഞ്ഞാണ് കിഷന്‍ അവധിയെടുക്കുന്നത്. ടീം മാനേജ്മെന്റ് സമ്മതം മൂളുകയും ചെയ്തു.

പിന്നാലെ കിഷനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിനിടെ കിഷന്‍ ദുബായില്‍ നിശാപാര്‍ട്ടയില്‍ പങ്കെടുത്തു. മാത്രമല്ല, പ്രമുഖ ചാനലിലെ ക്വിസ് പ്രോഗ്രാമിലും പങ്കെടുത്തു. ഇത് ബിസിസിഐക്ക് അതൃപ്തിയുണ്ടാക്കി. ആഭ്യന്തര മത്സരം കളിച്ചിട്ട് ടീമില്‍ കയറിയാല്‍ മതിയെന്നായി ബിസിസിഐ. എന്നാല്‍ ജാര്‍ഖണ്ഡിന് വേണ്ടി ഒരൊറ്റ രഞ്ജി ട്രോഫി മത്സരത്തില്‍ പോലും പങ്കെടുക്കാന്‍ കിഷന്‍ തയ്യാറായില്ല. ഇതോടെ താരത്തിന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു.

ഇപ്പോള്‍ കിഷനെ പ്രതിരോധത്തിലാക്കുന്ന മറ്റൊരു വാര്‍ത്തുകൂടി പുറത്തുവരുന്നു. താരത്തിന്റെ ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ നിന്നൊഴിവാക്കിയെന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

കിഷന്റെ അഭാവത്തെ കുറിച്ച് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞതിങ്ങനെയായിരുന്നു. ”ഞങ്ങള്‍ ആരെയും ഒന്നില്‍ നിന്നും ഒഴിവാക്കുന്നില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. അദ്ദേഹം ഒരു ഇടവേള ആവശ്യപ്പെട്ടു. ഒരു ഇടവേള നല്‍കിയതില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. വീണ്ടും ഇഷാന്‍ കിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മനസിലാവുന്ന രീതിയിയില്‍ നേരത്തെ ഇക്കാര്യം പറഞ്ഞതാണ്. അവന്‍ സ്ഥിരമായി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവന്‍ എപ്പോഴാണ് തയ്യാറാവുന്നത്, അപ്പോള്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ചിട്ട് വേണം തിരിച്ചെത്താന്‍. തീരുമാനം അവന്റെതാണ്. ഞങ്ങള്‍ അവനെ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ല.” ദ്രാവിഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *