ഇന്ത്യ-ന്യൂസിലൻഡ് സെമി കാണാൻ ബെക്കാം എത്തുമെന്ന് റിപ്പോർട്ട്

ഏകദിന ലോകകപ്പിൽ നാളെ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ പോരാട്ടം കാണാൻ മുൻ ഇംഗ്ലീഷ് ഫുട്‌ബോളർ ഡേവിഡ് ബെക്കാമും എത്തുമെന്ന് റിപ്പോർട്ട്. യൂനിസെഫ് ഗുഡ്‌വിൽ അംബാസഡറെന്ന നിലയ്ക്കു ത്രിദിന സന്ദർശനത്തിനായി അദ്ദേഹം ഇന്ത്യയിലെത്തുന്നുണ്ട്. ഇതിനിടയിലാണു മത്സരം കാണാനായി ബെക്കാം വാങ്കെഡെ സ്റ്റേഡിയത്തിലെത്തുകയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

നാളെ ഉച്ചയ്ക്കു രണ്ടിനാണു മത്സരം ആരംഭിക്കുന്നത്. മത്സരത്തിനുമുൻപ് ബെക്കാം പങ്കെടുക്കുന്ന പ്രത്യേക പരിപാടിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. വേറെയും സൂപ്പർ താരങ്ങളും സെലിബ്രിറ്റികളും മത്സരം കാണാനെത്തും. റൗണ്ട് റോബിനിലെ ഒമ്പത് മത്സരങ്ങളും ജയിച്ച് പരാജയം അറിയാതെയാണ് ടീം ഇന്ത്യ കുതിച്ച് സെമിയിൽ എത്തിയിരിക്കുന്നത്. നെറ്റ്റൺ റേറ്റിന്റെ പിൻബലത്തിൽ, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തി സെമിയിലേക്ക് കടന്ന ന്യൂസിലൻഡിനും, പ്രതീക്ഷകൾ ഏറെയാണ്. 2019 ലെ സെമിയിൽ ഇന്ത്യയെ മറികടന്നതിന്റെ ഓർമ്മകൾ ന്യൂസിലൻഡിനെ കൂട്ടായിയുണ്ട്.

പക്ഷേ ലോകകപ്പിൽ എതിരാളികളെ വലിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയുള്ള ഇന്ത്യയുടെ വരവ്, ന്യൂസിലൻഡിനെ ഭയപ്പെടുത്തുന്നുണ്ടാകും. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ പേസർമാരെ നേരിടാൻ ഇന്നലെ, വാങ്കഡെയിൽ ടീം കഠിന പരിശീലനത്തിൽ ഏർപ്പെട്ടതും.

Leave a Reply

Your email address will not be published. Required fields are marked *