ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർ, ജയ് ഷായെ പരിഹസിച്ച് പ്രകാശ് രാജ്

ഐസിസി ചെയര്‍മാനായി തെരഞ്ഞടുക്കപ്പെട്ട ബിസിസിഐ സെക്രട്ടറി ജയ് ഷായെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർക്കായി എഴുന്നേറ്റു നിന്ന് കൈയ്യടിക്കണമെന്നായിരുന്നു പ്രകാശ് രാജിന്‍റെ പോസ്റ്റ്. ജയ് ഷായെ അഭിനന്ദിച്ച് കൊണ്ട് വിരാട് കോലി ഇട്ട ട്വീറ്റ്, റീ ട്വിറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രകാശ് രാജ് ഇങ്ങനെ എഴുതിയത്.

പ്രകാശ് രാജിന്‍റെ പോസ്റ്റിന് താഴെ നിരവധി പേര്‍ രസകരമായ കമന്‍റുകളും കുറിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യം 10000 റണ്ണടിക്കുന്ന ബാറ്റര്‍ ശരദ് പവാറായിരുന്നുവെന്നും, 500 വിക്കറ്റെടുത്ത ബൗളര്‍ രാജീവ് ശുക്ലയാണെന്നും ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ പ്രണബ് മുഖര്‍ജിയാണെന്നും, ഇന്ത്യയിലെ വലിയ ക്രിക്കറ്റ് താരങ്ങളായ ജഗ്മോഹന്‍ ഡാല്‍മിയക്കും ശശാങ്ക് മനോഹറിനും എന്‍ ശ്രീനിവാസനുമെല്ലാം അങ്ങനെയെങ്കില്‍ കൈയടിക്കണമെന്നും ആരാധകര്‍ മറുപടി നല്‍കി.

ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ എതിരില്ലാതെ ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഡിസംബറിൽ ജയ് ഷാ ഐസിസിയുടെ പുതിയ ചെയര്‍മാനായി ചുമതലയേല്‍ക്കും. നിലവില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമാണ് ജയ് ഷാ.

Leave a Reply

Your email address will not be published. Required fields are marked *