ഇന്ത്യ- ഓസ്‌ട്രേലിയ ചാംപ്യന്‍സ് ട്രോഫി സെമി ഇന്ന്

ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30 മുതലാണ് പോരാട്ടം. ഐസിസി പോരാട്ടങ്ങളുടെ നോക്കൗട്ട് ഘട്ടത്തില്‍ സമീപ കാലത്തൊന്നും ഓസീസിനെതിരെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഈ കുറവു പരിഹരിച്ച് കലാശപ്പോരിലേക്ക് മുന്നേറുകയാണ് ടീം ലക്ഷ്യമിടുന്നത്.

ലോക ക്രിക്കറ്റിലെ വന്‍ ശക്തികള്‍ പോരിനിറങ്ങുമ്പോള്‍ ആവേശപ്പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. സഹചര്യങ്ങള്‍ നിലവില്‍ ഇന്ത്യക്ക് അനുകൂലമാണ്. പ്രധാന ബൗളര്‍മാരില്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. ബാറ്റിങ് നിരയുടെ കരുത്തിലാണ് അവര്‍ ആദ്യ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ വിജയം സ്വന്തമാക്കിയത്. ശേഷിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ഒരു പന്ത് പോലും എറിയേണ്ടി വന്നില്ല. അഫ്ഗാനെതിരെ ആകട്ടെ അവര്‍ 270നു മുകളില്‍ റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു.

സ്പിന്നര്‍മാരുടെ കരുത്തിലാണ് ഇന്ത്യ നില്‍ക്കുന്നത്. ടൂര്‍ണമെന്റിനുള്ള ടീമില്‍ 5 സ്പിന്നര്‍മാരെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയത്. ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ സ്പിന്‍ കരുത്തിലാണ് ഇന്ത്യ ജയിച്ചത്. കിവികള്‍ക്ക് നഷ്ടമായ പത്തില്‍ 9 വിക്കറ്റുകളും സ്പിന്നര്‍മാരാണ് പോക്കറ്റിലാക്കിയത്. ഓസീസിനാകട്ടെ ആദം സാംപയാണ് സ്‌പെഷലിസ്റ്റ് സ്പിന്നര്‍.

ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ അടക്കമുള്ള ബാറ്റര്‍മാര്‍ ഫോമിലാണ്. പാകിസ്ഥാനെതിരെ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. രോഹിത് മികവോടെ തുടങ്ങുന്നുണ്ടെങ്കിലും വലിയ സ്‌കോറിലേക്ക് എത്തുന്നില്ല എന്നതു മാത്രമാണ് ബാറ്റിങ് നിരയിലെ ഏക ആശങ്ക. ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരും ബാറ്റിങ് മികവില്‍ തന്നെ. ഓസീസ് നിരയിലും ബാറ്റിങ് നിര ഫോമിലാണ്. ഇന്ത്യക്ക് എന്നും തലവേദന ആകാറുള്ള ട്രാവിസ് ഹെഡ് ഫോമില്‍ എത്തിയിട്ടില്ല എന്നതാണ് അവരെ വെട്ടിലാക്കുന്നത്. ബൗളിങ് നിരയുടെ ശക്തിക്കുറവും അവരെ അലട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *