ഇന്ത്യ ഏഷ്യൻ ഗെയിംസിൽ കളിക്കും; പ്രതിഷേധങ്ങൾക്കൊടുവിൽ അനുമതി നൽകി കേന്ദ്രം

ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ മത്സരിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കി.റാങ്കിങ്ങിൽ പിന്നിലാണെങ്കിലും സമീപകാലത്തെ പ്രകടനം കണക്കിലെടുത്ത് പുരുഷ-വനിതാ ഫുട്ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ ഇളവ് നൽകുകയാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു. റാങ്കിംഗില്‍ പിന്നിലായതിനാല്‍ ഏഷ്യന്‍ ഗെയിംസിന് ഫുട്ബോള്‍ ടീമുകളെ അയക്കേണ്ടെന്ന കായികമന്ത്രാലയത്തിന്‍റെ നിലപാട് ആരാധകരുടെയും കളിക്കാരുടെയും പ്രതിഷേധത്തിന് കാരണമായിരുന്നു.

സമീപകാലത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് കിരീടവും സാഫ് കപ്പും നേടിയിട്ടും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയക്കണ്ട എന്ന നിലപാടിലായിരുന്നു നേരത്തെ കായികമന്ത്രാലയം. റാങ്കിംഗില്‍ ഏഷ്യയില്‍ ആദ്യ എട്ടിലുള്ള ടീമുകളെ മാത്രം ഗെയിംസിന് അയച്ചാല്‍ മതിയെന്ന കായികമന്ത്രാലയത്തിന്‍റെ മാനദണ്ഡമാണ് ടീമിന് തിരിച്ചടിയായത്. നിലവില്‍ ഏഷ്യയില്‍ 18-ാം സ്ഥാനക്കാരാണ് ഇന്ത്യന്‍ പുരുഷ ടീം.

ഗെയിംസില്‍ നിന്ന് ഫുട്ബോള്‍ ടീമിനെ മാറ്റിനിര്‍ത്തുന്നതിനെ ആരാധകര്‍ എതിര്‍ത്തിരുന്നു. മാത്രമല്ല, അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വിഷയത്തില്‍ കൂടുതലായി ഇടപെടുകയും ചെയ്‌തു. സമീപകാല ഫോം ചൂണ്ടിക്കാട്ടിയാണ് ഗെയിംസിലെ ഇന്ത്യന്‍ പുരുഷ ടീമിന്‍റെ പങ്കാളിത്തം എഐഎഫ്എഫ് കായിക മന്ത്രാലയത്തെ ധരിപ്പിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഫുട്ബോള്‍ ടീമിനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടും കായികമന്ത്രിയോടും അപേക്ഷിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഇഗോർ സ്റ്റിമാക് രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.ഇതോടെയാണ് കായികമന്ത്രാലയം നിലപാട് മാറ്റിയത്. 2018 ഏഷ്യന്‍ ഗെയിംസിലും ഇതേ കാരണം ചൂണ്ടിക്കാട്ടി കായിക മന്ത്രാലയം ഫുട്ബോള്‍ ടീമിനെ അയച്ചിരുന്നില്ല. 

Leave a Reply

Your email address will not be published. Required fields are marked *