2011ൽ ഇന്ത്യക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ പാകിസ്ഥാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍. ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് പാക് ടീമിന്റെ നീക്കം. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മെന്‍ററാണ് കിര്‍സ്റ്റന്‍. മെയ് 22ന് കിര്‍സ്റ്റന്‍ പാകിസ്ഥാന്‍ ടീമിനൊപ്പം ചേരുകയും അന്ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കിര്‍സ്റ്റന്‍ ചുമതലയേറ്റെടുക്കുകയും ചെയ്യും എന്നാണ് സൂചന. മെയ് 30നാണ് പരമ്പരയിലെ അവസാന മത്സരം. അതിനുശേഷം പാക് ടീം ടി20 ലോകകപ്പിനായി അമേരിക്കയിലേക്ക് പോകും. ടെസ്റ്റ് ക്രിക്കറ്റിന് ടീമിന് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ജേസണ്‍ ഗില്ലെസ്പിയാണ് പരിശീലകന്‍.
മൂന്ന് ഫോര്‍മാറ്റിലും അസ്ഹര്‍ മെഹ്മൂദിനെ സഹപരിശീലകനായും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് സെമിയിലെത്താൻ കഴിയാഞ്ഞതോടെ ടീം ഡയറക്ടറായിരുന്ന മിക്കി ആര്‍തറെ പുറത്താക്കിയിരന്നു. ശേഷം ടീം ഡയറക്ടറായ മുന്‍ താരം മുഹമ്മദ് ഹഫീസും ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും പാക് ടീം തകർന്നതോടെ പുറത്തായിരുന്നു. എന്നാല്‍ ഇപ്പോൾ ടി20 ലോകകപ്പിന് മുമ്പ് സ്ഥിരം പരിശീലകനെ പാക് ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തുകയായിരുന്നു. നേരത്തെ ഓസ്ട്രേലിയന്‍ മുന്‍ ഓള്‍ റൗണ്ടറായ ഷെയ്ന്‍ വാട്സണെ പരിശീലകനായി നിയമിക്കാന്‍ ധാരണയായിരുന്നു. എന്നാൽ അവസാന നിമിഷം വാട്സണ്‍ പിന്‍മാറുകയായിരുന്നു. രണ്ട് വര്‍ഷ കരാറിലാണ് ഇപ്പോൾ മൂന്ന് പരിശീലകരെയും നിയമിച്ചിരിക്കുന്നത്.