ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകനായ ഋഷഭ് പന്തിന്റെ പ്രകടത്തിലുളള ആരാധകരുടെ രോഷം ദിനംപ്രതി കൂടിവരികയാണ്. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിലും പന്തിൽ നിന്നും പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ല. പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ 17 പന്തിൽ നിന്ന് 18 റൺസ് മാത്രം നേടിയാണ് പന്ത് പുറത്തായത്.
ലഖ്നൗ ഇന്നിങ്സിലെ എട്ടാം ഓവറിൽ അസ്മത്തുള്ള ഒമർസായിയുടെ പന്തിലാണ് പന്ത് പുറത്താകുന്നത്. കൂറ്റൻ ഷോട്ടിന് ശ്രമിച്ച പന്തിന്റെ കൈയ്യിൽ നിന്ന് ബാറ്റ് കൈവിട്ടു. പന്ത് സ്വീപ്പർ കവറിൽ ശശാങ്ക് സിങ്ങിന്റെ കൈകളിലേക്കാണ് എത്തിയത്. ബാറ്റ് വീണത് സ്‌ക്വയർ ലെഗിലേക്കും. ക്രിക്കറ്റിലെ അപൂർവ്വ പുറത്താകലെന്ന നിലയിൽ പന്തിന്റെ വിക്കറ്റ് വിഡിയോ വൈറലാകുകയും ചെയ്തു.
ബാറ്റ് തെറിച്ച് വീഴുന്നതാണ് ഫീൽഡിലെ താരങ്ങളിൽ അധികം പേരും ശ്രദ്ധിച്ചതെങ്കിലും പന്ത് ശശാങ്ക് സിങ് കൈകളിലൊതുക്കിയപ്പോഴാണ് പന്ത് ഔട്ടായതായി കാണികളും കണ്ടത്. ബാറ്റിങ്ങിനിടെ ബാറ്റ് കൈവിടുന്നത് ആദ്യമല്ലെങ്കിലും ഇത്തരത്തിൽ ബാറ്റർ പുറത്താകുന്നത് അപൂർവ്വമായിരിക്കും. മത്സരത്തിൽ കരുത്തരായ പഞ്ചാബ് കിങ്സിനോട് 37 റൺസിനാണ് ലക്നൗവിന്റെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 236/5 എന്ന കൂറ്റൻ സ്‌കോർ നേടിയപ്പോൾ, ലഖ്‌നൗവിന്റെ മറുപടി 199/7 ൽ അവസാനിച്ചു.