ആദ്യ ട്വൻ്റി-20 യിൽ ഇന്ത്യയോട് ഇംഗ്ലണ്ട് തോറ്റതിന് കാരണം പുകമഞ്ഞെന്ന് ഹാരി ബ്രൂക്ക്

ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയില്‍ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍ക്കാന്‍ കാരണം പുകമഞ്ഞെന്ന് കുറ്റപ്പെടുത്തി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. കൊല്‍ക്കത്തയിലെ പുകമഞ്ഞില്‍ ഇന്ത്യൻ സ്പിന്നര്‍മാരുടെ പന്തുകള്‍ മനസിലാക്കാന്‍ കഴിയാതിരുന്നതാണ് കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് തകര്‍ച്ചക്ക് കാരണമായതെന്ന് ഹാരി ബ്രൂക്ക് പറഞ്ഞു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഹാരി ബ്രൂക്കിനെയും ജോസ് ബട്‌ലറെയും ലിയാം ലിവിംഗ്‌സ്റ്റണെയും വീഴ്ത്തി ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചത്. വരുണ്‍ ചക്രവര്‍ത്തി മികച്ച ബൗളറാണെന്നും എന്നാല്‍ കൊല്‍ക്കത്തയിലെ പുകമഞ്ഞ് കാരണം വരുണിന്‍റെ ഗൂഗ്ലികള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടിയെന്നും ഹാരി ബ്രൂക്ക് പറഞ്ഞു. ചെന്നൈയിലെ അന്തരീക്ഷത്തില്‍ സ്പിന്നര്‍മാരുടെ പന്തുകള്‍ കുറച്ചുകൂടി വ്യക്തമായി കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാരി ബ്രൂക്ക് പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ സ്പിന്നര്‍മാരെ നേരിടുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. സ്പിന്നര്‍മാര്‍ക്കെതിരെ വമ്പനടിക്ക് ശ്രമിക്കുമ്പോഴാണ് ഞാന്‍ പലപ്പോഴും പുറത്താവാറുള്ളത്. സ്പിന്നര്‍മാര്‍ക്കെതിരെ കുറച്ചുകൂടി നിയന്ത്രണത്തോടെ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ ക്രീസിലിറങ്ങുമ്പോള്‍ കൂടുതലും സ്പിന്നര്‍മാരെയാണ് തനിക്ക് നേരിടേണ്ടിവരാറുള്ളതെന്നും ഹാരി ബ്രൂക്ക് വ്യക്തമാക്കി.

കൊല്‍ക്കത്ത ടി-20യില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്നും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയമാണ് വേദിയാവുന്നത്. പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്നതാണ് ചെ്പ്പോക്കിലെ വിക്കറ്റ് എന്നതിനാല്‍ രണ്ടാം ടി20യിലും ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാവില്ല,

Leave a Reply

Your email address will not be published. Required fields are marked *