അമ്പെയ്ത്തിൽ മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം

2023 ഏഷ്യൻ ഗെയിംസിന്റെ 11-ാം ദിനം ഇന്ത്യയ്ക്ക് ആദ്യ സ്വർണം. അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീൺ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. കൊറിയയുടെ സോ ചെവോൺ – ജൂ ജഹൂൺ സഖ്യത്തെ 159-158 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യൻ സഖ്യം സ്വർണമണിഞ്ഞത്. ഇതോടെ, 16 സ്വർണവും 26 വെള്ളിയും 29 വെങ്കലവും ഉൾപ്പെടെ 71 മെഡലുമായി ഇന്ത്യ നാലാംസ്ഥാനത്ത് തുടരുന്നു.

നേരത്തേ 35 കിലോമീറ്റർ നടത്തത്തിൽ ടീം ഇനത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെങ്കലം നേടിയിരുന്നു. രാം ബാബു – മഞ്ജു റാണി സഖ്യമാണ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്.അതേസമയം, ഇന്ത്യൻ അത്‌ലറ്റിക്സിലെ ഒരേയൊരു ഒളിമ്പിക് ചാമ്പ്യനും ഒരേയൊരു ലോകചാമ്പ്യനുമായ നീരജ് ചോപ്ര ബുധനാഴ്ച രംഗത്തിറങ്ങും. ഇന്ത്യൻ സമയം വൈകീട്ട് 4.35-നാണ് നീരജ് മത്സരിക്കുന്ന പുരുഷന്മാരുടെ ജാവലിൻ ത്രോ.വനിതകളുടെ ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹെയ്ന്റെ ഫൈനൽ മത്സരവും ബുധനാഴ്ചയാണ്.

ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്ന പുരുഷന്മാരുടെ 4×400 മീറ്റർ റിലേ ടീമും ബുധനാഴ്ച ഓടും. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർക്കൊപ്പം തമിഴ്‌നാടുകാരനായ രാജേഷ് രമേഷും ചേർന്നതാണ് ടീം. എൻ.വി. ഷീന മത്സരിക്കുന്ന വനിതാ റിലേ ഫൈനലും ബുധനാഴ്ചയാണ്. പുരുഷ ഹോക്കി സെമിയിൽ ബുധനാഴ്ച ഇന്ത്യ ദക്ഷിണകൊറിയയെ നേരിടും. അതേസമയം, ചൊവ്വാഴ്ച അത്‌ലറ്റിക്‌സിൽ പരുൾ ചൗധരിയും അന്നു റാണിയും സ്വർണം സമ്മാനിച്ചപ്പോൾ മലയാളി താരം മുഹമ്മദ് അഫ്‌സൽ വെള്ളിയുമായി തിളങ്ങി. പരുൾ ചൗധരി വനിതകളുടെ 5000 മീറ്റർ ഓട്ടത്തിലാണ് സ്വർണം നേടിയത്. തിങ്കളാഴ്ച പരുൾ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വെള്ളിനേടിയിരുന്നു. വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിയുടെ വകയാണ് രണ്ടാമത്തെ സ്വർണം.

Leave a Reply

Your email address will not be published. Required fields are marked *