അമ്പാട്ടി റായിഡു രാഷ്ട്രീയത്തിലേക്കെന്ന് സൂചന; വൈഎസ്ആർസിപിയിൽ ചേരുമെന്ന് റിപ്പോർട്ട്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ താരം മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അമ്പാട്ടി റായിഡു കഴിഞ്ഞയാഴ്ച രണ്ട് തവണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റായിഡു രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. തെരഞ്ഞെടുപ്പിൽ റായിഡുവിനെ മത്സരിപ്പിക്കാനാണ് ജഗൻമോഹൻ റെഡ്ഡി തീരുമാനിച്ചിരിക്കുന്നതെന്നും എന്നാൽ അത് നിയമസഭാ തെരഞ്ഞെടുപ്പിലോ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

റായിഡു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തെ പൊന്നൂരിൽ നിന്നോ ഗുണ്ടൂർ വെസ്റ്റിൽ നിന്നോ മത്സരിപ്പിക്കണമെന്ന് വൈഎസ്ആർ കോൺഗ്രസുമായി ബന്ധപ്പെട്ട മുതിർന്ന നേതാക്കൾ നിർദ്ദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മറുവശത്ത്, ലോക്സഭാ തെരഞ്ഞെടുപ്പിൽ മച്ചിലിപട്ടണം സീറ്റാണ് അദ്ദേഹത്തിന് ഏറ്റവും മികച്ച ഓപ്ഷനായി കണക്കാക്കപ്പെടുന്നത്. 37 കാരനായ റായിഡു 55 ഏകദിനങ്ങളിലും 6 ടി20 കളിലും ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏകദിനത്തിൽ 47.05 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും 10 അർധസെഞ്ചുറികളും സഹിതം 1694 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏകദിനത്തിൽ മൂന്ന് വിക്കറ്റുകളും നേടിയിട്ടുണ്ട്. ടി20 യിൽ കാര്യമായ പ്രകടനം നടത്താൻ റായിഡുവിന് കഴിഞ്ഞിട്ടില്ല. ആറ് മത്സരങ്ങളിൽ നിന്ന് 42 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരമായിരുന്നു അദ്ദേഹം. തന്റെ ഐപിഎൽ കരിയറിൽ 204 മത്സരങ്ങൾ കളിച്ച റായിഡു ഒരു സെഞ്ചുറിയും 22 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 4332 റൺസ് നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്‌സ് ഈ വർഷം അഞ്ചാം ഐപിഎൽ കിരീടം ഉയർത്തിയതിന് പിന്നാലെയാണ് റായിഡു ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *