അണ്ടർ 19 വനിതാ ട്വൻ്റി-20 ലോകകപ്പ് ; സ്കോട്‌ലൻ്റിനെ 150 റൺസിന് തകർത്ത് ഇന്ത്യ , ഗോൺ ഗാഡി തൃഷയ്ക്ക് സെഞ്ചുറി

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ സ്കോട്‌ലന്‍ഡിനെ 150 റണ്‍സിന് തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ഗോണ്‍ഗാഡി തൃഷയുടെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സടിച്ചപ്പോള്‍ സ്കോട്ട്‌ലന്‍ഡ് 14 ഓവറില്‍ 58 റണ്‍സിന് ഓള്‍ ഔട്ടായി.

53 പന്തില്‍ സെഞ്ചുറിയിലെത്തിയ തൃഷ വനിതാ അണ്ടര്‍ 19 ടി-20 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 59 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്ന തൃഷ രണ്ടോവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി തൃഷയും കമാലിനിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 13.3 ഓവറില്‍ 147 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 13 ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു തൃഷയുടെ ഇന്നിംഗ്സ്. 42 പന്തില്‍ 51 റണ്‍സെടുത്ത കമാലിനി പുറത്തായശേഷം 20 പന്തില്‍ 29 റണ്‍സെടുത്ത സനിക ചാല്‍ക്കെയുമൊത്തു ചേര്‍ന്ന് തൃഷ ഇന്ത്യൻ സ്കോര്‍ 200 കടത്തി.

മറുപടി ബാറ്റിംഗില്‍ നാല് താരങ്ങള്‍ മാത്രമാണ് സ്കോട്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്. 12 റണ്‍സ് വീതമെടുത്ത ഓപ്പണര്‍മാരായ പിപ്പ കെല്ലിയും എമ്മ വാള്‍സിംഗവും 11 റണ്‍സെടുത്ത പിപ്പ സ്പ്രൗളും 10 റണ്‍സെടുത്ത നൈമ ഷെയ്ഖും ഒഴികെയുള്ളവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

ഇന്ത്യക്കായി ആയുഷി ശുക്ല മൂന്നോവറില്‍ എട്ട് റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ വൈഷ്ണവി ശര്‍മ അഞ്ച് റണ്‍സിനും തൃഷ ആറ് റണ്‍സിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മലയാളി താരം മൈഥിലി വിനോദ് മൂന്നോവറില്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. തുടര്‍ച്ചയായ നാലാം ജയത്തോടെ നാലു എട്ട് പോയന്‍റുമായി ഇന്ത്യ സെമി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *