2024ല്‍ സൗദിയില്‍ ശമ്പള വര്‍ധനയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്

സൗദിയില്‍ അടുത്ത വര്‍ഷം ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര റിക്രൂട്ടിങ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. ആറു ശതമാനം വരെ ശമ്പള വര്‍ധനയാണ് ഏജന്‍സി പ്രവചിക്കുന്നത്. ആഗോള റിക്രൂട്ട്‌മെന്റ് മാര്‍ക്കറ്റിലെ ട്രെന്‍ഡുകളെ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സൗദിയിലെ കമ്പനികളെയും ഓര്‍ഗനൈസേഷനുകളെയും പങ്കെടുപ്പിച്ച നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര റിക്രൂട്ടിങ് ഏജന്‍സിയായ കൂപ്പര്‍ ഫിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ 78 ശതമാനത്തോളം വരുന്ന കമ്പനികള്‍ വാര്‍ഷിക ബോണസ് നല്‍കുന്നതിന് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഭൂരിഭാഗം ഓര്‍ഗനൈസേഷനുകളും ഒരു മാസത്തെ അടിസ്ഥാന ശമ്പളമാണ് ബോണസായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ കണ്‍സള്‍ട്ടിങ്, ഫിനാന്‍ഷ്യല്‍, ടെലികോം, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവ ആറ് മാസത്തെ ശമ്പളം ബോണസായി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍വേ പറയുന്നു. ബോണസ് നല്‍കുന്നതില്‍ വിമുകത കാണിക്കുന്ന മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവ നിര്‍മാണ മേഖലയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് നിര്‍മാണം പുരോഗമിക്കുന്ന വമ്പന്‍ പദ്ധതികള്‍, ആഗോള ഭീമന്‍ കമ്പനികളുടെ റീജ്യണല്‍ ഓഫീസുകള്‍ രാജ്യത്തേക്ക് കൂടുമാറിയത് തുടങ്ങിയവ തൊഴില്‍ വിപണിയില്‍ ഉണര്‍വ് പ്രകടമാക്കിയതായും സര്‍വേ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *