ഹജ്ജ് രജിസ്‌ട്രേഷന് അനൗദ്യോഗിക വഴികൾ തേടരുത്, മുന്നറിയിപ്പ് നൽകി ഹജ്ജ് മന്ത്രാലയം

ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഹജ്ജ് രജിസ്‌ട്രേഷന് അനൗദ്യോഗിക വഴികൾ തേടരുതെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹജ്ജ് തീർഥാടനം നടത്താൻ ആഗ്രഹിക്കുന്നവർ രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന ഹജ്ജ് വിസ നേടിയിരിക്കണം. 80 രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫിസുകളുമായി ഏകോപിപ്പിച്ച് 126ലധികം രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കായി സജ്ജീകരിച്ച ‘നുസ്‌ക് ഹജ്ജ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ഹജ്ജ് ബുക്കിങ് നടത്താനാവും.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ‘ഇ സർവിസ്’, ‘നുസുക്’ ആപ്പ് എന്നിവ രാജ്യത്തെ പൗരന്മാർക്കും താമസക്കാരായ വിദേശികൾക്കും വേണ്ടി ഹജ്ജ് പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനുള്ള രണ്ട് അംഗീകൃത ചാനലുകളാണ്. അതേസമയം ചില അനൗദ്യോഗിക സംവിധാനങ്ങൾ തീർഥാടകരെ കബളിപ്പിക്കാനായി പ്രവർത്തിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ട്. അത്തരം അനധികൃത സംവിധാനങ്ങൾ നൽകുന്ന വിവരങ്ങളും ഓഫറുകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അവയുടെ ചതിയിൽപ്പെടരുതെന്നും മന്ത്രാലയം ആവർത്തിച്ച് ഓർമപ്പെടുത്തി.

തെറ്റായ പരസ്യങ്ങളിലോ വ്യാജ ഹജ്ജ് ഓഫറുകളിലോ വശീകരിക്കപ്പെടാതിരിക്കാനും ഔദ്യോഗികമാണെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു. 24 മണിക്കൂറും വിവിധ ഭാഷകളിൽ അന്വേഷണങ്ങളോ റിപ്പോർട്ടുകളോ സ്വീകരിക്കാൻ മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്ന് 1966 എന്ന ഏകീകൃത നമ്പർ, വിദേശത്തുനിന്ന് +966 920002814, care@haj.gov.sa എന്ന ഇ-മെയിൽ, ഗസ്റ്റ്‌സ് ഓഫ് ഗോഡ് കെയർ സെന്റർ എന്നിവ വഴി സംശയനിവാരണത്തിനും ആവശ്യമായ വിവരങ്ങൾ തേടുന്നതിനും എന്തെങ്കിലും റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.ഹജ്ജ് കർമങ്ങൾ അനായാസമായും മനസമാധാനത്തോടെയും നിർവഹിക്കുന്നതിനുള്ള മാർഗങ്ങൾ സുഗമമാക്കുക ലക്ഷ്യമിട്ടാണിതെന്നും മന്ത്രാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *