സൗദി കിരീടാവകാശി ഈ മാസം ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്

സൗദി കിരീടാവകാശി ഈ മാസം ഇന്ത്യയിലെത്തും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുന്നത്. ഈ മാസം 9-10 തിയതികളിൽ ഇന്ത്യയിലുണ്ടാകും. 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തും. ശേഷം അന്ന് തന്നെ സൗദിയിലേക്ക് തിരിച്ചുപോകും.

ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനത്തിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സൗദി മന്ത്രി സൗദ് അൽ സാദ് നേരത്തെ ന്യൂദൽഹിയിൽ എത്തിയിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിലെ ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് സെക്രട്ടറിയും സൗദിയിലെ മുൻ ഇന്ത്യൻ അംബാസിഡറുമായിരുന്ന ഔസാഫ് സഈദിനാണ് സന്ദർശനത്തിന്റെ ഏകോപന ചുമതല. സൗദി കിരീടാവകാശിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദർശനത്തിനാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എത്തുന്നത്. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിലേക്കും സൗദി ഇന്ത്യയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *