സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചു

റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു. കിംഗ് അബ്ദുൽഅസീസ് പബ്ലിക് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ ഭാഗമായാണ് റിയാദ് ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്. റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി 9 പുതിയ റൂട്ടുകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം 2023 മാർച്ച് 19-ന് പ്രവർത്തനമാരംഭിച്ചിരുന്നു. റിയാദ് ബസ് സർവീസിന്റെ രണ്ടാം ഘട്ടം 2023 ജൂൺ 19-ന് പ്രവർത്തനമാരംഭിച്ചിരുന്നു. മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചതോടെ ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആകെ റൂട്ടുകളുടെ എണ്ണം 33 ആയിട്ടുണ്ട്.

അകെ 565 ബസുകളും, 1611 സ്റ്റേഷനുകളും, 1284 കിലോമീറ്റർ നീളത്തിലുള്ള സർവീസ് റൂട്ടുകളുമായാണ് നിലവിൽ റിയാദ് ബസ് സർവീസ് പ്രവർത്തിക്കുന്നത്. റിയാദ് നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. നഗരത്തിന്റെ വിവിധ ഇടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി ആകെ അഞ്ച് ഘട്ടങ്ങളിലൂടെ പൂർത്തിയാക്കുന്നതാണ്. റിയാദ് ബസ് സർവീസിന്റെ മുഴുവൻ ഘട്ടങ്ങളിലുമായി 86 റൂട്ടുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

റിയാദ് ബസ് പദ്ധതി പൂർത്തിയാകുന്നതോടെ 1900 കിലോമീറ്ററിൽ, 800-ൽ പരം ബസുകൾ റിയാദ് നഗരത്തിൽ ഗതാഗത സേവനങ്ങൾ നൽകുന്നതാണ്. ഇതിന്റെ ഭാഗമായി പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള ബസുകളാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *