സൗദിയിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നതിന് പ്രിൻസിപ്പൽമാർക്ക് അനുമതി

സൗദിയില്‍ അടിയന്തര ഘട്ടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശികമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍, സ്‌കൂളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവക്ക് പ്രിന്‍സിപ്പല്‍മാര്‍ക്ക് അവധിയോ അര്‍ധാവധിയോ പ്രഖ്യാപിക്കാന്‍ മന്ത്രാലയത്തിന്റെ പുതിയ നിയമം അനുമതി നല്‍കുന്നു.

സൗദിയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പൊതുമാനദണ്ഡം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതിനുള്ള കാരണങ്ങളെ രണ്ട് വിഭഗങ്ങളായി തിരിച്ചാണ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് ഒന്നാമത്തേത്. മേഖലയിലെയോ ഗവര്‍ണറേറ്റിലെയോ എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുവായി ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുക ഡയറക്ടറായിരിക്കും. എന്നാല്‍ ഏതെങ്കിലും പ്രത്യേക സ്‌കൂളുമായി മാത്രം ബന്ധപ്പെട്ടതാണെങ്കില്‍ ഡയറക്ടറുടെ അനുമതിയോടെ പ്രിന്‍സിപ്പലിന് തീരുമാനമെടുക്കാന്‍ നിയമം അനുമതി നല്‍കുന്നു.

കാലാവസ്ഥാ പ്രതിഭാസങ്ങള്‍, സ്‌കൂളുകളിലേക്ക് മാര്‍ഗ്ഗതടസ്സം, അപകടകരമായ പകര്‍ച്ച വ്യാധികള്‍, റോഡുകള്‍ അടച്ചിടുന്ന നിര്‍ബന്ധിത അവസ്ഥ, രാജ്യം ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ എന്നിവ പൊതുവിദ്യഭ്യാസ ഡയറക്ടറുടെ പരിധിയില്‍ ഉള്‍പ്പെടും. വൈദ്യുതി, വെള്ളം എന്നിവയുടെ മുടക്കം, സ്‌കൂള്‍ കെട്ടിടത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണി, സുരക്ഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ പ്രിന്‍സിപ്പലിനും തീരുമാനമെടുക്കാമെന്ന് മന്ത്രാലയം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *