സൗദിയിൽ വാറ്റ് പിഴ ഒഴിവാക്കല്‍ നടപടി ജൂണ്‍ 30വരെ നീട്ടി

സൗദിയില്‍ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതിന് അനുവദിച്ചിരുന്ന ഇളവ് കാലം വീണ്ടും ദീര്‍ഘിപ്പിച്ചു. അടുത്ത ആറു മാസത്തേക്ക് കൂടിയാണ് പ്രത്യേക ഇളവ് കാലം ദീര്‍ഘിപ്പിച്ചത്. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് അനുവദിച്ച സാവകാശം വീണ്ടും ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ 31 ന് അവസാനിക്കുന്ന കാലാവധിയാണ് ആറുമാസത്തേക്ക് കൂടി നീട്ടി നല്‍കിയത്. ജൂണ്‍ 30വരെയാണ് പുതുക്കിയ കാലാവധി.

അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ അതോറിറ്റി ആവശ്യപ്പെട്ടു. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും, സ്ഥാപനങ്ങള്‍ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്.

2021 ജൂണിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.വാറ്റ് രജിസ്‌ട്രേഷന്‍ വൈകല്‍, നികുതി പണമടക്കാന്‍ വൈകല്‍, വാറ്റ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം, വാറ്റ് റിട്ടേണ്‍ തിരുത്തല്‍, ഡിജിറ്റല്‍ ഇന്‍വോയിസിംഗുമായി ബന്ധപ്പെട്ട് ഫീല്‍ഡ് പരിശോധനകളില്‍ കണ്ടെത്തിയ നിയമലംഘനം തുടങ്ങിയവക്ക് ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതാണ് പദ്ധതി. എന്നാല്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകള്‍ ആനുകൂല്യത്തില്‍ ഉള്‍പ്പെടില്ല. ഇളവ് കാലം നീട്ടി നല്‍കിയെങ്കിലും പരിശോധനകള്‍ തുടരുമെന്നും അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *