പ്രവാസികള്‍ക്ക് ഇനി തങ്ങളുടെ പാസ്‌പോർട്ട് വിവരങ്ങള്‍ അബ്ഷര്‍ പ്ലാറ്റ്‌ഫോം വഴി അവരുടെ തൊഴിലുടമയുടെ അക്കൗണ്ടിലൂടെ പുതുക്കാം. 69 റിയാലാണ് ഈ സേവനത്തിന് ഈടാക്കുന്ന ചാര്‍ജ്. ഇതുവഴി പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ഇനി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിന്റെ അഥവാ ജവാസാത്തിന്റെ ഓഫിസിലേക്ക് പോകേണ്ടതില്ല.
18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് അവരുടെ പാസ്പോർട്ട് പുതുക്കിയ ശേഷം അബ്ഷർ പ്ലാറ്റ്ഫോമിൽ സേവനങ്ങൾ ലഭ്യമാകും. പ്ലാറ്റ്ഫോണിലെ എൻ്റെ സേവനങ്ങൾ എന്ന ലിങ്ക് വഴി പ്രവേശിച്ച് പാസ്പോർട്ടുകൾ എന്നത് തിരഞ്ഞെടുത്ത് റെസിഡൻ്റ് ഐഡൻ്റിറ്റി സേവനങ്ങൾ ആക്സസ് ചെയ്താൽ അവിടെ പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. പാസ്പോർട്ട് നമ്പറും കാലഹരണ തീയതിയും ശരിയായ രീതിയിൽ നല്‍കി അബ്ഷർ വെബ്സൈറ്റിൽ പാസ്പോർട്ടിൻ്റെ വ്യക്തമായ ഫോട്ടോ അറ്റാച്ചുചെയ്യണം. മുൻ പാസ്പോർട്ട് നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രവാസിക്കെതിരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കൽ റിപ്പോർട്ട് ഇല്ലെന്നും വ്യക്തമാക്കുന്ന ഒരു പ്രതിജ്ഞ അംഗീകരിച്ചാൽ മാത്രമേ സേവനം ലഭ്യമാവൂ.
പുതിയ പാസ്പോർട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ട റസിഡൻസി പെർമിറ്റിൽ (ഇഖാമ) ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരിക്കരുതെന്നും ഉറപ്പിൽ ഉൾപ്പെടുത്തിയിരിക്കണം. മാത്രമല്ല ഇരു കക്ഷികൾക്കും ( തൊഴിലുടമയ്ക്കും ജീവനക്കാരനും) സുരക്ഷാ നിയന്ത്രണങ്ങൾ ഉണ്ടാകരുത്. കൂടാതെ ജീവിച്ചിരിപ്പുണ്ടാകുകയും ആരോഗ്യത്തോടെയിരിക്കുകയും വേണം.
അഞ്ച് വർഷത്തിൽ ഒരിക്കലാണ് ഒരു പ്രവാസിയ്ക്ക് പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനാവുക. ഒരു പ്രവാസിയ്ക്ക് മറ്റൊരു പാസ്പോർട്ട് കൂടിയുണ്ടെങ്കിൽ ജവാസാത്ത് ഓഫീസിലെത്തി മാത്രമേ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാവുകയുള്ളൂ. നേരത്തെയുള്ള പാസ്പോർട്ട് നഷ്ടപ്പെട്ടവരും സേവനം ലഭിക്കുന്നതിന് ജവാസാത്ത് ഓഫീസ് നേരിട്ട് സന്ദർശിക്കണം.
നഷ്ടപ്പെട്ട പാസ്പോർട്ടിലാണ് ഓൺലൈൻ അപ്ഡേഷൻ വരുത്തിയതെന്ന് തെളിയക്കപ്പെട്ടാൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയതോ പുതുക്കിയതോ ആയ പാസ്‌പോർട്ടിന്റെ രജിസ്ട്രേഷൻ സേവനം പൂർത്തിയാക്കുന്നയാളുടെ ഉത്തരവാദിത്തമായിരിക്കും, വ്യാജമായി നിർമ്മിച്ചതാണെന്ന് തെളിയിക്കപ്പെട്ടാൽ പൂർണ്ണ ഉത്തരവാദിത്തവും അവർക്കായിരിക്കും.