സൗദിയിൽ ചൂടിന് ഈ മാസം അവസാനത്തോടെ ആശ്വാസമാകും, താപനില മുപ്പത് ഡിഗ്രിക്ക് താഴെയെത്തും

സൗദി അറേബ്യയിൽ ചൂടിന് ഈ മാസം അവസാനത്തോടെ ആശ്വാസമാകും. താപനില മുപ്പത് ഡിഗ്രിക്ക് താഴെയെത്തും. സൗദി ഹൈറേഞ്ചുകളിൽ നിലവിൽ ലഭിക്കുന്ന ഇടിയോട് കൂടിയ ശക്തമായ മഴ നാളെയോടെ അവസാനിക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

മുമ്പില്ലാത്ത ചൂടാണ് ഇത്തവണ സൗദിയിൽ അനുഭവപ്പെട്ടത്. നിലവിൽ രാജ്യം വേനലിൽ നിന്ന് ശരത്കാലത്തിലേക്ക് മാറിയിട്ടുണ്ട്. ഇനി ലഭിക്കാൻ പോവുന്നത് മെച്ചപ്പെട്ട കാലാവസ്ഥയാണ്. മക്ക, അൽ ബഹ, അസീർ, ജീസാൻ എന്നീ മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ മഴ ലഭിക്കുന്നുണ്ട്. ഇടിയോട് കൂടിയ മഴ നാളെയോടെ അവസാനിക്കുമെന്നും കേന്ദ്രം അറിയിച്ചു.

സൗദിയിൽ ഓരോ വർഷം കഴിയും തോറും മഴയുടെ തോത് വർധിച്ചു വരുന്നതായാണ് കണക്കുകൾ. മഴയോടൊപ്പം മറ്റു കാലാവസ്ഥാ മാറ്റങ്ങളും വർധിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങളായി സൗദിയിൽ മെച്ചപ്പെട്ട മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ ജിദ്ദയിൽ ലഭിച്ച മഴ ഇതിനുദാഹരണമാണ്. 2009 ൽ ജിദ്ദയിൽ ലഭിച്ചത് 95 മില്ലി മീറ്റർ മഴയായിരുന്നു. 2011 ഓടെ ഇത് 111 മില്ലി മീറ്ററായി ഉയർന്നിരുന്നു. തൊട്ടടുത്ത വർഷം മഴയുടെ അളവ് വർധിച്ച് 182 മില്ലി മീറ്ററിലെത്തി. മക്ക, മദീന, അൽ ബാഹ, നജ്‌റാൻ, ഹായിൽ, അൽ ഖസിം, റിയാദ്, ജീസാൻ തുടങ്ങിയ പ്രവിശ്യകളിലെ വിവിധ പ്രദേശങ്ങളിലും കനത്ത മഴയാണ് ഇത്തവണ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *