സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നാലായിരം റിയാൽ മുതലാണ് വ്യത്യസ്ത നിരക്കിലുള്ള ആറ് പാക്കേജുകൾ ആരംഭിക്കുന്നത്. സൗദിയിൽ ഇഖാമയുള്ള വിദേശികൾക്കും കുടുംബത്തിനുമാണ് ഹജ്ജ് ചെയ്യാൻ അവസരം. മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർക്കാണ് മുൻഗണ.
3984 റിയാലാണ് ഏറ്റവും കുറഞ്ഞ ഹജ്ജ് പാക്കേജ്. ഇതിന് പുറമെ 4036, 8092, 10366, 13150, 13733 റിയാൽ എന്നിങ്ങനെ മറ്റു അഞ്ച് പാക്കേജുകളുമുണ്ട്. വാറ്റുൾപ്പെടെയാണ് ഈ നിരക്ക്. ഏറ്റവും കുറഞ്ഞ നാലായിരത്തിന്റെ രണ്ട് പാക്കേജിലും മിനായിൽ തമ്പ് സൗകര്യം ഉണ്ടായിരിക്കില്ല. അറഫ, മുസ്ദലിഫ യാത്രയും താമസ സൗകര്യവും ലഭിക്കും. എണ്ണായിരം, പതിനായിരം റിയാൽ പാക്കേജുകളിൽ മിന, അറഫ എന്നിവിടങ്ങളിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള ടെൻറും, ഭക്ഷണവും, യാത്ര സൗകര്യവും ലഭിക്കും.
13150 റിയാലിന്റെ പാക്കേജിൽ ജംറക്ക് തൊട്ടടുത്ത ആറ് മിനാ ടവറുകളിലാകും താമസം. 13733 റിയാലിന്റെ ഏറ്റവുമുയർന്ന പാക്കേജിൽ അത്യാധുനിക സൗകര്യങ്ങളുണ്ടാകും. ഇവർക്ക് മിനായിലെ താമസം ജംറകളോട് ചേർന്ന് പുതുതായി പണിത കിദാന കെട്ടിടത്തിലായിരിക്കും. അറഫയിൽ കൂടുതൽ സൗകര്യമുള്ള സംവിധാനങ്ങളുമുണ്ടാകും. ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്കാണ് ഇത്തവണയും മുൻഗണന. എന്നാൽ മഹ്‌റം വിഭാഗത്തിന് ഇത് ബാധകമല്ല. ഒരു തീർഥാടകന് 14 പേരെ വരെ സഹയാത്രികരായി ഒന്നിച്ച് രജിസ്റ്റർ ചെയ്യാം. ഇങ്ങിനെ ചെയ്യുന്നവർ ഒരേ കാറ്റഗറിയും ഒരേ ഹജ്ജ്, ഉംറ സേവന സ്ഥാപനവും തെരഞ്ഞെടുക്കണം. തീർഥാടകൻ പകർച്ചവ്യാധികളിൽ നിന്ന് മുക്തനായ ആരോഗ്യവാനായിരിക്കണമെന്ന വ്യവസ്ഥയുണ്ട്.
നുസുക്ക് മൊബൈൽ ആപ്പ് വഴിയോ, localhaj.haj.gov.sa വെബ്‌സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു രജിസ്‌ട്രേഷൻ മാത്രമേ അനുവദിക്കൂ. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈലിൽ പാക്കേജ് ഫീ അടക്കാനുള്ള അറിയിപ്പ് ലഭിക്കും. ഈ മെസേജ് അനുസരിച്ചു പണം ഒന്നിച്ചോ ഗഡുക്കളായോ അടക്കാം. അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ പണമടച്ചില്ലെങ്കിൽ റിസർവേഷൻ റദ്ദാക്കപ്പെടും. പണം പൂർണമായും അടച്ച ശേഷം ഹജ്ജ് പെർമിറ്റ് അബ്ഷീറിൽ നിന്ന് ക്യൂ.ആർ കോഡ് സഹിതം പ്രിന്റ് എടുക്കാം. ഹജ്ജ് വേളയിലുടനീളം തീർഥാടകൻ ഇത് കൈവശം സൂക്ഷിക്കേണ്ടതാണ്.