സൗദിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും കുറവ്

സൗദിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും കുറവ്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മൊത്തം ജനസംഖ്യാനുപാതത്തില്‍ 4.4 ശതമാനമായി ആയി കുറഞ്ഞതായി റിപ്പോര്‍ട്ട്. സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനത്തിനും താഴെയെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ലേബര്‍ ഫോഴ്സ് സര്‍വേയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

2023 അവസാന പാദത്തില്‍ മൊത്തം ജനസംഖ്യയുടെ 4.4 ശതമാനമായി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. മൂന്നാം പാദത്തെക്കാള്‍ 0.7 ശതമാനത്തിന്റെ കുറവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. 2022നെ അപേക്ഷിച്ച് 0.4 ശതമാനത്തിന്റെ കുറവും കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം പാദത്തില്‍ സ്വദേശികള്‍ക്കിടയിലെ നിരക്ക് 7.7 ശതമാനമായാണ് കുറഞ്ഞത്. മൂന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 0.9 ശതമാനത്തിന്റെ കുറവാണുണ്ടായത്. വനിതാ ജീവനക്കാരുടെ ജനസംഖ്യാ അനുപാത തോതില്‍ വര്‍ധനവ് ഉണ്ടായി.

ഒരു ശതമാനം വര്‍ധിച്ച് 30.7 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ വനിത പങ്കാളിത്തത്തില്‍ ഇടിവ് നേരിട്ടു. 2022നെ അപേക്ഷിച്ച് 2023ല്‍ 0.4 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പുരുഷ ജീവനക്കാരുടെ അനുപാതത്തില്‍ നേരിയ കുറവോടെ 63.5, 66.6 ശതമാനം തോത് നിലനിര്‍ത്തി. രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ തൊഴിലന്വേഷണവും തൊഴിലവസരങ്ങള്‍ക്കായുള്ള പരിശ്രമങ്ങളും മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *