സൗദിയില്‍ ഗാര്‍ഹിക ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍

 സൗദിയില്‍ ഗാര്‍ഹികജീവനക്കാര്‍ക്ക് നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍വന്നു. മുസാനിദ് പ്ലാറ്റ്‌ഫോം വഴി ജോലിക്കെത്തുന്ന വിദേശികള്‍ക്കാണ് ഇന്ന് മുതല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. തൊഴില്‍ കരാര്‍ പ്രകാരം തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഗാര്‍ഹിക ജോലിയില്‍ സൗദിയിലെത്തുന്ന വിദേശികള്‍ക്ക് ഇന്ന് മുതല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. വിദേശ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന മുസാനിദ് പ്ലാറ്റ്‌ഫോം വഴിയെത്തുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാകുക. കരാര്‍ പ്രകാരം ആദ്യ രണ്ട് വര്‍ഷത്തെ ഇന്‍ഷുറന്‍സ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഹിക്കണം. ഇത് ഏജന്‍സിയും തൊഴിലുടമയും തമ്മിലുള്ള കരാറില്‍ ഉള്‍പ്പെടുത്തിയാണ് നിരക്ക് ഈടാക്കുക.

നിയമം തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സഹായിക്കും. ഒപ്പം ജോലിയില്‍ നിന്നും മാറിനില്‍ക്കല്‍, ഹുറൂബ്, മരണം, അപകടം തുടങ്ങിയ വിവിധകേസുകളില്‍ ഉടമക്കും തൊഴിലാളിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നിയമം സഹായിക്കും. ഇതുവരെ രാജ്യത്ത് ഗാര്‍ഹിക ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായിരുന്നില്ല. പകരം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യ ചികില്‍സ ലഭ്യമാക്കി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *