സൗദിയിലെ വിമാനത്താവളങ്ങൾ ഡിസംബറിൽ മികച്ച പ്രകടനം കാഴ്ച വച്ചതായി റിപ്പോർട്ട്

സൗദിയിലെ വിമാനത്താവളങ്ങൾ കഴിഞ്ഞ ഡിസംബറിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി റിപ്പോർട്ട്. ഡിസംബറിൽ ഏറ്റവും മികച്ച സേവനം നൽകിയത് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. യാത്രക്കാർക്ക് കുറഞ്ഞ കാത്തിരിപ്പ് സമയവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്.

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തു വിട്ടത്. യാത്രക്കാർക്കായി ഒരുക്കുന്ന സേവനങ്ങളുടെയും സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളുടെ പ്രകടനം വിലയിരുത്തുക. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഡിസംബറിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് രണ്ടാമതെത്തി.

പ്രതിവർഷം ഒന്നരക്കോടിയിലധികം യാത്രക്കാരുള്ള ഇരു വിമാനത്താവളങ്ങളിലും മികച്ച സേവനമാണ് യാത്രക്കാർക്ക് ലഭിക്കുക. അതേസമയം അമ്പത് ലക്ഷം മുതൽ ഒന്നരക്കോടി വരെ യാത്രക്കാർ സഞ്ചരിക്കുന്ന വിഭാഗത്തിൽ കിംഗ് ഫഹദ് വിമാനത്താവളവും പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളവും ഒന്നാമതെത്തി. ഇരുപത് മുതൽ അമ്പത് ലക്ഷം വരെ യാത്രക്കാർ വരുന്ന വിഭാഗത്തിൽ അബഹ വിമാനത്താവളമാണ് മുന്നിൽ. കുറഞ്ഞ യാത്രക്കാരുള്ള വിഭാഗത്തിൽ ഖാസിമിലെ പ്രിൻസ് നയ്ഫ് വിമാനത്താവളമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ആഭ്യന്തര വിമാനത്താവളങ്ങളിൽ ഖുറയ്യാത്ത് വിമാനത്താവളമാണ് മുന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *