റിയാദിൽ പേ പാർക്കിംഗ് സംവിധാനം പ്രവർത്തിച്ചു തുടങ്ങി

റിയാദിൽ പേ പാർക്കിംഗ് സംവിധാനം പ്രവർത്തിച്ചു തുടങ്ങി. രാവിലെ ഏഴ് മണി മുതൽ അർധരാത്രി 12 മണി വരെ ഇനി പാർക്കിങ്ങിനായി പണം നൽകേണ്ടി വരും. റിയാദിലെ ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. അൽ വുറൂദ് പ്രദേശത്ത് സംവിധാനിച്ച പേ പാർക്കിങ്ങിന് മണിക്കൂറിൽ 3.45 റിയാലാണ് ഫീസ്. അർധരാത്രി 12 മുതൽ രാവിലെ ഏഴ് വരെ പാർക്കിംഗ് സൗജന്യമായിരിക്കും. റിയാദ് പബ്ലിക് പാർക്കിംഗ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

അൽ വുറൂദ്, അൽ റഹ്‌മാനിയ, ഉലയ്യ, അൽ മുറൂജ്, കിംഗ് ഫഹദ്, സുലൈമാനിയ, തുടങ്ങി 12 പ്രദേശങ്ങളിലായിരിക്കും ആദ്യ ഘട്ടമെന്ന നിലയിൽ പേ പാർക്കിംഗ് സംവിധാനിക്കുക. പാർക്കിംഗ് മേഖലയിൽ സ്വകാര്യവത്കരണം വ്യാപകമാക്കി കൂടുതൽ പ്രദേശങ്ങളിൽ സൗകര്യമൊരുക്കുകയാണ് സൗദി അറേബ്യ. റിയാദ് മുനിസിപ്പാലിറ്റിയും, റീം റിയാദ് ഡെവലപ്മെന്റും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്. ഇതോടൊപ്പം പാർക്കിംഗ് ആപ്ലിക്കേഷൻ സൗകര്യവും ഒരുങ്ങുന്നുണ്ട്.

പുതിയ പ്ലാറ്റ്ഫോമിലൂടെ പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തൽ, റിസർവേഷൻ, പണമടക്കൽ, ചാർജുകൾ എന്നിവ കണ്ടെത്താം. വാഹനങ്ങളുടെ വിവരങ്ങളടങ്ങിയ ഡാറ്റ രെജിസ്റ്റർ ചെയ്യാനും, വാഹനത്തിന്റെ ചിത്രങ്ങൾ ചേർക്കാനും അപ്ലിക്കേഷനിൽ സൗകര്യമുണ്ട്. ആപ്പിൾ പേ, എസ്.ടി.സി പേ, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ എന്നിവ ഉപയോഗിച്ച് പണമടക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *