മക്കയിലടക്കം സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആഴ്ച പകുതി വരെ മഴ തുടരും. ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയും മഴക്കൊപ്പമെത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.മക്കയിൽ ഇടിമിന്നലോടു കൂടിയ മഴയായിരിക്കും ലഭിക്കുക.
വെള്ളപ്പൊക്ക സാധ്യതയും മുന്നറിയിപ്പിലുണ്ട്. നേരിയ തോതിലുള്ള മഴയായിരിക്കും ലഭിക്കുക. കിഴക്കൻ പ്രവിശ്യ, റിയാദ്, ഹാഇൽ, അൽ ഖസിം, അൽബാഹ, അസീർ, ജീസാൻ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം ഇടിമിന്നലും കാറ്റുമെത്തും. തണുപ്പവസാനിച്ച് രാജ്യം കടുത്ത ചൂടിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് കാലാവസ്ഥാ മാറ്റം. വാഹനമോടിക്കുന്നവർക്ക് കാഴ്ച മറക്കും വിധം കാറ്റ് വീശാൻ സാധ്യതയുണ്ട്.