പാലുല്പന്നങ്ങളിൽ സ്വയം പര്യാപ്തത കൈവരിച്ച് സൗദി. 129 ശതമാനമാണ് പാലുല്പന്നങ്ങളിലെ സ്വയം പര്യാപ്തത നിരക്ക്. പ്രതിവർഷം 26 ടണ്ണിലേറെ പാലുല്പന്നങ്ങളാണ് രാജ്യത്തുല്പാദിപ്പിക്കുന്നത്. പ്രാദേശിക പാലിന്റെ ഉപഭോഗം വർധിപ്പിക്കുന്നതിനായി റമദാനുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ നടക്കുന്നുണ്ട്. പാലിന്റെ സംസ്കരിച്ച ഉത്പന്നങ്ങളായ ക്രീം, തൈര്, മറ്റുൽപ്പന്നങ്ങൾ എന്നിവയുടെ വിപണനത്തിനും ക്യാമ്പയിൻ പ്രോത്സാഹനം നൽകുന്നുണ്ട്.
ക്യാമ്പയിന്റെ ഭാഗമായാണ് പരിസ്ഥിതി ജല കാർഷിക മന്ത്രാലയം നേട്ടത്തിന്റെ കണക്കുകൾ പുറത്തു വിട്ടത്. ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക എന്നിവയുടെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്. നിലവിൽ പാലുല്പാദനത്തിനായി 74 ലക്ഷത്തിലേറെ ആടുകളും, അഞ്ചു ലക്ഷത്തിലേറെ പശുക്കളുമുണ്ട്.
മേഖലയിൽ പുതിയ സാങ്കേതിക വിദ്യകൾ കൊണ്ട് വന്നതും സ്വയം പര്യാപ്തത നിരക്കിന് നേട്ടമായി. അതോടൊപ്പം കോഴി ഇറച്ചി ഉല്പാദന മേഖലയിലും രാജ്യം 72 ശതമാനമായി സ്വയം പര്യാപ്തത നിരക്ക് ഉയർത്തിയിട്ടുണ്ട്. പ്രതിവർഷം പത്തു ലക്ഷം ടണ്ണിലേറെ ഇറച്ചിയാണ് രാജ്യത്ത് ഉല്പാദിപ്പിക്കുന്നത്.