കുരങ്ങുപനിയെ നേരിടാനൊരുങ്ങി സൗദി; വാക്സിൻ, വിഷ്വൽ സ്‌ക്രീനിംഗ് എന്നിവ സജ്ജീകരിച്ചു

കുരങ്ങുപനിയെ നേരിടാനായി സജീവ നടപടികളുമായി സൗദി അറേബ്യ. തുറമുഖങ്ങളും വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയിരിക്കുകയാണിപ്പോൾ. മുൻകരുതൽ നടപടികളായി വാക്സിൻ സൗകര്യവും, വിഷ്വൽ സ്‌ക്രീനിംഗ് സംവിധാനവും തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്.

മുൻകരുതൽ നടപടികളായി മതിയായ അളവിൽ വാക്സിനുകൾ, മരുന്നുകൾ, രോഗനിർണയ ഉപകരണങ്ങൾ, എന്നിവ തയ്യാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കായി അന്താരാഷ്ട്ര തുറമുഖങ്ങളിൽ വിഷ്വൽ സ്‌ക്രീനിംങ്ങും സജ്ജീകരിച്ചു. അപകട സാധ്യത വിലയിരുത്തൽ, അണുബാധ നിയന്ത്രണം, ചികിത്സാ പ്രോട്ടോക്കോളുകൾ തുടങ്ങിയ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ നവീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

അതോടൊപ്പം ബോധവൽക്കരണ പരിപാടികളും സജീവമാണ്. 1970 ലാണ് ആദ്യമായി കുരങ്ങു പനി മനുഷ്യരിൽ കണ്ടെത്തിയത്. പകർച്ച വ്യാധിയായ കുരങ്ങുപനി ഓർത്തോപോക്സ് വൈറസ് ഇനത്തിൽ പെടുന്നതാണ്. പനി, ശരീരവേദന, ക്ഷീണം, ചൊറിച്ചിൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്ന് നേരിട്ടും, രോഗം ബാധിച്ചവരിൽ നിന്നും വൈറസ് ഏൽക്കാൻ സാധ്യതയുണ്ട്.വാക്സിനേഷൻ, വ്യക്തി ശുചിത്വം, മൃഗങ്ങൾക്കുള്ള പരിശോധനയും, നിരീക്ഷണവും തുടങ്ങിയവയിലൂടെ രോഗം പടരുന്നത് തടയാമെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *