കണക്റ്റിവിറ്റിയിൽ സൗദിയിലെ റോഡുകൾ ലോകത്തിൽ ഒന്നാമത്: സൗദി ഗതാഗത മന്ത്രി

സൗദി അറേബ്യയിലെ റോഡുകൾ കണക്റ്റിവിറ്റി സൂചികയിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നതാണെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അൽജാസർ പറഞ്ഞു. റോഡുകളുടെ ഗുണനിലവാരത്തിൽ ജി ട്വന്റി രാജ്യങ്ങളിൽ നാലാം സ്ഥാനമാണ് സൗദിക്കുള്ളത്. രാജ്യത്തെ റോഡപകട മരണങ്ങൾ 50 ശതമാനം വരെ കുറയ്ക്കാൻ റോഡുകളുടെ ഗുണനിലവാരവും സുരക്ഷ സംവിധാനങ്ങളും സഹായിച്ചതായും മന്ത്രി വ്യക്തമാക്കി. സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ സൗദിയിലെ റോഡുകൾക്ക് ഏറെ മുന്നേറാൻ കഴിഞ്ഞതായി സൗദി ഗതാഗത മന്ത്രി പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച റോഡ് സേഫ്റ്റി ആന്റ് സസ്റ്റൈനബിലിറ്റി കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക സാങ്കേതിക വിദ്യകളുടെയും നൂതന രീതിശാസ്ത്രങ്ങളുടെയും ഉപയോഗം മുന്നേറ്റം സാധ്യമാക്കി. 2021 ൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ നയം ആരംഭിച്ചതുമുതൽ റോഡ്സ് മേഖല സുരക്ഷയുടെയും ഗുണമേന്മയുടെയും നിലവാരം ഉയർത്തുന്നതിൽ വലിയ നേട്ടങ്ങൾ കൈവരിച്ചതായും അൽ ജാസർ പറഞ്ഞു. ഇതോടെ രാജ്യത്തെ റോഡപകട മരണങ്ങൾ പകുതിയായി കുറയ്ക്കാൻ കഴിഞ്ഞു.

റോഡ് കൂളിംഗ് സംവിധാനം, ടയറുകൾ റീസൈക്ലിംഗ് ചെയ്തുപയോഗിക്കുന്ന റബ്ബർ റോഡുകൾ, അറ്റകുറ്റപ്പണികളുടെ സമയം പകുതിയിൽ താഴെയായി കുറക്കുന്ന ആധുനിക ഉപകരണങ്ങളുടെ ഉപയോഗം, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന നിരവധി ശാസ്ത്രീയ രീതികൾ എന്നിവ ഉപയോഗപ്പെടുത്തുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമാണ് സൗദിയെന്നും മന്ത്രി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *