രാത്രിയിൽ നിലാവും നക്ഷത്രങ്ങളും ചന്തം ചാർത്തുന്ന ആകാശത്തേക്ക് വെറുതെ നോക്കിയിരിക്കുന്നത് തന്നെ നല്ല രസമാണ്. ചന്ദ്രനിലെ ഗർത്തങ്ങളും സങ്കീർണമായ ഉപരിതല വിശദാംശങ്ങളും അടുത്ത് കാണുന്നതുകൂടി സങ്കൽപ്പിക്കുക. വാനനിരീക്ഷണത്തിൽ താൽപര്യമുള്ളവർ ദോഹയിലെ സൂഖ് വാഖിഫിലേക്ക് വരൂ.
കുറേ കാലമായി ദോഹയിൽ കഴിയുന്ന ഈജിപ്ഷ്യൻ ജ്യോതിശാസ്ത്രജ്ഞനായ അംറ് മഹ്മൂദ് ഫാത്തി ആതിയയുടെ ദൂരദർശിനിയിലൂടെ നിങ്ങൾക്കത് കാട്ടിത്തരും. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ ഫാനാർ പള്ളിക്ക് എതിർവശത്താണ് അദ്ദേഹം ടെലിസ്കോപ് സ്ഥാപിച്ചത്. 2016 മുതൽ സൂഖ് വാഖിഫിലെ സന്ദർശകർക്കായി അംറ് മഹ്മൂദ് ആകാശവിരുന്നൊരുക്കുന്നു. ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും കാഴ്ചകൾ കണ്ട് മനം നിറഞ്ഞവർ അദ്ദേഹത്തിന് നന്ദി പറയുന്നു. അദ്ദേഹം നന്ദി പറയുന്നത് തന്റെ ഉപകരണങ്ങൾ സജ്ജീകരിക്കാൻ അനുവാദം നൽകിയ സൂഖ് വാഖിഫ് മാനേജ്മെന്റിനോടാണ്. പ്രത്യേകിച്ച് ഡയറക്ടർ മുഹമ്മദ് അൽ സാലിമിന്.
ജ്യോതിശാസ്ത്രത്തോടുള്ള അംറ് മഹ്മൂദ് ആതിയയുടെ അഭിനിവേശം ചെറുപ്പത്തിലേ തുടങ്ങിയതാണ്. ടെലിസ്കോപ്പിലൂടെ ചന്ദ്രനിലേക്ക് പോകുമെന്ന് വിശ്വസിക്കുകയും ലെൻസിലൂടെ നോക്കുന്നതിനുമുമ്പ് കുടുംബത്തോട് യാത്ര പറയുകയും ചെയ്ത കുട്ടിക്കാല സംഭവം അദ്ദേഹം ചെറുചിരിയോടെ ഓർക്കുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യത്തെ ടെലിസ്കോപ് നിർമിച്ചു.
ഹെൽവാൻ ഒബ്സർവേറ്ററിയിലേക്കുള്ള ഒരു സ്കൂൾ ഫീൽഡ് ട്രിപ്പ് അദ്ദേഹത്തിന്റെ താൽപര്യത്തിന് ആക്കം കൂട്ടി. കൂടുതൽ പഠിക്കാൻ അദ്ദേഹം മനസ്സിലുറപ്പിച്ചു. നേരിട്ട് ചന്ദ്രനിൽ പോവാനൊക്കെ ആഗ്രഹമുണ്ടെങ്കിലും അത് തന്റെ സ്ഥിതിക്കും വരുമാന പരിധിക്കും അപ്പുറത്താണെന്ന് ബോധ്യമുള്ളതുകൊണ്ട് ഉള്ളിലൊതുക്കുന്നു. ഉപജീവനത്തിനായി സൂഖ് വാഖിഫിൽ ഒരാളിൽനിന്ന് പത്ത് റിയാൽ ഈടാക്കുന്നുവെങ്കിലും തന്റെ പ്രധാന ലക്ഷ്യം ജ്യോതിശാസ്ത്ര മേഖലയിലേക്ക് വരും തലമുറക്ക് പ്രചോദനം നൽകുക എന്നതാണ് എന്ന് അദ്ദേഹം പറയുന്നു.