ഗസ്സയിൽ വെടിനിർത്തൽ യാഥാർഥ്യമായി മേഖല സമാധാനത്തിലേക്ക് മടങ്ങുന്നതിനിടെ വെസ്റ്റ്ബാങ്കിലെ ജെനിൻ സിറ്റിയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. വടക്കൻ വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെയാണ് തുടർച്ചയായ ദിവസങ്ങളിൽ ഇസ്രായേൽ അധിനിവേശ സേന ആക്രമണം നടത്തിയത്. സംഭവങ്ങളിൽ 12ലേറെ പേർ കൊല്ലപ്പെടുകയും, 40ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം അതിക്രമങ്ങളുടെ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനാണെന്നും സിവിലിയൻമാർക്ക് പൂർണസുരക്ഷ ഒരുക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.