ലോക കപ്പ് കുരുക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ

ദോഹ : ലോക കപ്പ് മത്സരങ്ങൾ തുടരാനിരിക്കെ  ഖത്തറിൽ  വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അനുസരിച്ചുള്ള ഗതാഗത നിയന്ത്രണം നവംബർ ഒന്നു മുതൽ ആരംഭിക്കും. പൊതു ഗതാഗത നമ്പർ പ്ലേറ്റുകളും ബ്ലാക്ക് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് നമ്പർ പ്ലേറ്റുകളുമുള്ള വാഹനങ്ങൾക്കാണ് സെൻട്രൽ ദോഹയിലേക്ക് പ്രവേശനവിലക്ക്. വടക്ക് അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് സി-റിങ് റോഡിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗം വരെയും കിഴക്ക് നിന്ന് കോർണിഷ് സ്ട്രീറ്റ് വരെയുമാണ് നിയന്ത്രണം. നിലവിൽ ഒക്‌ടോബർ 28വരെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെയാണ് നിയന്ത്രണം. ടൂർണമെന്റ് സമയത്ത് നമ്പർ പ്ലേറ്റ് നിയന്ത്രണം ദിവസേനയാക്കും. സ്വന്തമായി ഒരു വാഹനം മാത്രമുള്ളവർ, പബ്ലിക് ട്രാൻസ്‌പോർട് വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തും.

കൂടാതെ സ്റ്റേഡിയങ്ങൾക്ക് ചുറ്റും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. അൽ തുമാമ, ഖലീഫ, ലുസെയ്ൽ, അൽ ജനൂബ് സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള എൻട്രി, എക്‌സിറ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. ഈ സ്റ്റേഡിയം പരിസരങ്ങളിൽ താമസിക്കുന്നവർ ഇതര യാത്രാ മാർഗങ്ങളും റൂട്ടുകളും ഉപയോഗിക്കണം.

Leave a Reply

Your email address will not be published. Required fields are marked *