പെരുന്നാൾ ആഘോഷം: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ഷൻ പ്ലാൻ പൂർണ വിജയം

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ആക്ഷൻ പ്ലാൻ പൂർണ വിജയം. സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയന്ത്രണത്തിനുമാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള ദിനങ്ങളിലും ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. അവധി ദിനമായതിനാൽ കുടുംബ സമേതം പുറത്തിറങ്ങാനുള്ള അവസരമായാണ് എല്ലാവരും പെരുന്നാളാഘോഷത്തെ കണ്ടത്. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ആഘോഷം നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘങ്ങളെ നിയമിച്ചിരുന്നു.

പെരുന്നാൾ പ്രാർഥന നടന്ന ഇടങ്ങളിലും പൊലീസ് സുരക്ഷ ഉറപ്പുവരുത്തി. റോഡുകളിലെ തിരക്ക് നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുഴുവൻ സമയ പട്രോളിങ് ആണ് ഏർപ്പെടുത്തിയിരുന്നത്. തീരപ്രദേശങ്ങളിൽ ജലകായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്കായി മറൈൻ പട്രോളിംഗ് വിഭാഗത്തിന്റെ സേവനവും ഉറപ്പുവരുത്തി.

ആഘോഷങ്ങളുടെ ഭാഗമായി കാർ റൂഫിലൂടെയും വിൻഡോയിലൂടെയും കുട്ടികൾ തല പുറത്തിട്ട് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നും ജനറൽ ട്രാഫിക് വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകി. റോഡ് അപകടങ്ങൾ കുറയ്ക്കാൻ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ഊർജിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *