സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സംബന്ധിച്ച ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022ലെ 17-ാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിനാണ് അനുമതി. ആരോഗ്യ ഇൻഷുറൻസ് കാർഡിലെ വിവരങ്ങളും സ്പെസിഫിക്കേഷനുകളും അപ്ഡേറ്റ് ചെയ്യുന്നതു സംബന്ധിച്ച മന്ത്രിയുടെ കരട് തീരുമാനത്തിനും അംഗീകാരം നൽകി.
ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിനായി ദേശീയ ഉപദേശക കമ്മിറ്റി രൂപീകരിക്കണമെന്ന തീരുമാനവും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചു. അമീരി ദിവാനിൽ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടി. പുതിയ ഭേദഗതികൾ എന്തൊക്കെയാണെന്നത് വ്യക്തമല്ല. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സന്ദർശന വീസയിലെത്തുന്നവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം തുക പ്രതിമാസം 50 റിയാൽ ആക്കി വിജ്ഞാപനം വന്നത്.