ദോഹ : ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുകയും വിലയിരുത്തുകയും പങ്കെടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ കായിക വിനോദത്തിന്റെ അവസാനവാക്കായി ഫിഫ എന്തുകൊണ്ട് മാറുന്നു വെന്നതിന്റെ ഉത്തരം ലോകകപ്പിന്റെ സമ്മാനത്തുക തന്നെയാണ്. ലോകകപ്പ് നേടുന്ന ടീമിന് 42 മില്യൺ അമേരിക്കൻ ഡോളറാണ് ലഭിക്കുക. .അതായത് ശരാശരി 345.70 കോടി ഇന്ത്യൻ രൂപ. 2022 ലോകകപ്പിൽ ഈ വർഷം, 32 ടീമുകളാണ് യോഗ്യത നേടിയിട്ടുള്ളത്.
ലോകകപ്പിനായി ഫിഫ 440 മില്യൺ ഡോളറാണ് സമ്മാനതുകയായി നീക്കിവെച്ചിരിക്കുന്നത്. റണ്ണേഴ്സ് അപ്പിന് 30 മില്യൺ ഡോളറും , മൂന്നാം സ്ഥാനക്കാർക്ക് 27 മില്യൺ ഡോളറും , നാലാം സ്ഥാനംക്കാർക്ക് 25 മില്യൺ ഡോളറും , അഞ്ച് മുതൽ എട്ടാം സ്ഥാനം വരെയുള്ള ഓരോ ടീമിനും 17 മില്യൺ വീതവും , ഒമ്പത് മുതൽ 16 സ്ഥാനം വരെയുള്ള ഓരോ ടീമിനും 13 മില്യനും . 17 മുതൽ 32 സ്ഥാനം വരെയുള്ള ഓരോ ടീമിനും 9 മില്യൺ വീതം എന്നിങ്ങനെയാണ് ലഭിക്കുക. കൂടാതെ, യോഗ്യത നേടിയ ഓരോ ടീമിനും തയ്യാറെടുപ്പ് ചെലവുകൾക്കായി മത്സരത്തിന് മുമ്പ് 1.5 മില്യൺ ഡോളർ വീതം ലഭിക്കും. 2018 ലെ ലോകകപ്പിൽ വിജയികളായ ഫ്രാൻസിന് സമ്മാനമായി ലഭിച്ചത് 38 മില്യൺ ഡോളർ ആയിരുന്നു. എന്നാൽ ഈവർഷം സമ്മനത്തുക 42 മില്യൺ അമേരിക്കൻ ഡോളറായി ഉയർത്തി.
മില്യൺ കണക്കിന് ഡോളറാണ് ഓരോ നാല് വർഷം കൂടുമ്പോഴും ഫിഫ ഇതിനായി നീക്കിവെക്കുന്നതെങ്കിലും ടിക്കറ്റും പരസ്യവരുമാനവും ബ്രോഡ്കാസ്റ്റിങ് അവകാശവും മറ്റു തരത്തിലുള്ള ബ്രാൻഡിങ്ങുമൊക്കെയായി ലോകകപ്പിൽ നിന്നുള്ള വരുമാനം ചിലവാക്കുന്നതിന്റെ മടങ്ങുകളാണ് . 2018 ൽ റഷ്യയിൽ നടന്ന ഫിഫലോകകപ്പ് ആഗോളതലത്തിൽ 3.572 ബില്യൺ കാഴ്ചക്കാരെ ആകർഷിച്ചതായാണ് കണക്കാക്കിയിരിക്കുന്നത്.അതായത് മൊത്തം ലോക ജനസംഖ്യയുടെ ഏതാണ്ട് പകുതി കാഴ്ചക്കാർ.ഫിഫയുടെ കണക്കനുസരിച്ച്, ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ഫൈനൽ മൽസരം മാത്രം ആഗോളതലത്തിൽ 1.12 ബില്യൺ പ്രേക്ഷകരെയാണ് ആകർഷിച്ചത്. നവംബർ 20 അൽ ബൈത്ത് സ്റ്റേഡിയത്തിൽ തുടക്കമിടുന്ന മത്സരങ്ങൾ ഡിസംബർ 18 ന് നടക്കുന്ന ഫൈനൽ മത്സരത്തോടെ സമാപിക്കും.