രാപകൽ ശക്തമാവുന്ന തണുപ്പിനിടെ ഖത്തറിന്റെ മണ്ണിന് കുളിരായി മഴയെത്തി. കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനങ്ങൾ ശരിവെച്ചുകൊണ്ട് ഞായറാഴ്ച രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴപെയ്തു. ശക്തമായ കാറ്റിനൊപ്പമായിരുന്നു ദോഹയിലെ വിവിധ ഭാഗങ്ങൾ, അൽ ഖോർ, അബു സംറ, അൽ വക്റ, ലുസൈൽ തുടങ്ങിയ മേഖലകളിൽ മഴ ലഭിച്ചു. ശനിയാഴ്ച രാത്രിയും ചില മേഖലകളിൽ മഴ പെയ്തിരുന്നു.
അതേസമയം, മഴ സാധ്യതയുള്ളതിനാൽ വാഹന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. വേഗം കുറക്കുക, മുന്നിലുള്ള വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കുക, ഓവർടേക്കിങ് ഒഴിവാക്കുക, വാഹനം നിർത്തിയിടുമ്പോൾ ലൈറ്റ് ഓൺചെയ്യുക തുടങ്ങിയ നിർദേശങ്ങളും നൽകി.