ഖത്തറിൽ ഇറക്കുമതി ചെയ്ത ഇന്ത്യൻ ചെമ്മീനിനിൽ അണുബാധ ; ഉപയോഗിക്കരുതെന്ന് നിർദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ : ഖത്തറിൽ ഇറക്കുമതി ചെയ്‍ത ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ചെമ്മീനിൽ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ശീതീകരിച്ചതും അല്ലാത്തതുമായ ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്ന് മന്ത്രാലയം അറിയിച്ചു . ഇറക്കുമതി ചെയ്‍ത മത്സ്യങ്ങളില്‍ ചിലത് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അണുബാധ കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയാ പേജുകളിലും അറിയിപ്പ് പോസ്റ്റ് ചെയ്‍തിട്ടുണ്ട്.

അണുബാധ കണ്ടെത്തിയ ഇന്ത്യന്‍ ചെമ്മീന്‍ വിപണിയില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഫ്രഷ് അല്ലങ്കില്‍ ഫോസന്‍ ഇന്ത്യന്‍ ചെമ്മീന്‍ വാങ്ങിയിട്ടുള്ള ഉപഭോക്താക്കള്‍ അവ ഉപയോഗിക്കരുതെന്നും വാങ്ങിയ വ്യാപാര സ്ഥാപനത്തില്‍ തന്നെ അവ തിരിച്ചേല്‍പ്പിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ചെമ്മീന്‍ ഇതിനോടകം തന്നെ വാങ്ങി ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യ അണുബാധ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഏറ്റവും അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *