ഖത്തറിന്റെ രണ്ടാംഘട്ട ക്ലീൻ എനർജി പ്ലാൻ സെപ്തംബറിൽ പ്രഖ്യാപിച്ചേക്കും

ഖത്തറിന്റെ രണ്ടാംഘട്ട ക്ലീൻ എനർജി പ്ലാൻ സെപ്തംബറിൽ പ്രഖ്യാപിച്ചേക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രി. സുസ്ഥിരവും കാർബൺ രഹിതവുമായ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഖത്തറിന്റെ ക്ലീൻ എനർജി പ്ലാൻ. വിഷൻ 2030 യുടെ ഭാഗമായി പ്രഖ്യാപിച്ച ക്ലീൻ എനർജി ദൌത്യം നിശ്ചയിച്ചതിനും മുമ്പ് പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് ഗതാഗത മന്ത്രി ശൈഖ് ജാസിം ബിൻ സെയ്ഫ് അൽ സുലൈതി വ്യക്തമാക്കി. ലോകകപ്പ് കാലത്ത് ഉപയോഗിച്ച ബസുകളിൽ 25 ശതമാനവും പരിസ്ഥിതി സൗഹൃദമായിരുന്നു.

2022ന്റെ അവസാനം മുതൽ ഇത്തരം വാഹനങ്ങളുടെ സാന്നിധ്യം രാജ്യത്ത് കൂടുന്നുണ്ട്. മുവാസലാത്ത് വഴി 2500 പരിസ്ഥിതി സൗഹൃദ സ്‌കൂൾ ബസുകൾ നിരത്തിലിറക്കി. വൈദ്യുതി ഉൽപ്പാദനത്തിന്റെ കാര്യത്തിലും ഖത്തർ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ്.സോളാർ വൈദ്യുതിയുടെ ഉൽപാദനം അഞ്ച് ജിഗാ വാട്ടിന് മുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഖത്തർ എയർവേസിന്റെ ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം ഈ വർഷാവസാനത്തോടെ 170 ആക്കി ഉയർത്തുമെന്നും ഖത്തർ ഗതാഗത മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *