ദോഹ ∙ ഖത്തറിലെ സാമൂഹിക രംഗത്ത് സജീവമായ പ്രഭാഷകനും ഗ്രന്ഥകാരനുമായ കോഴിക്കോട് ചെറുവാടി സ്വദേശി സുബൈര്‍ അല്‍ കൗസരി ദോഹയില്‍ വാഹനം ഇടിച്ചു മരണമടഞ്ഞു. 56 വയസ്സായിരുന്നു. ഇന്നലെ ആഗോള ഇസ്ലാമിക പണ്ഡിതന് ഡോ.യൂസുഫ് അല്‍ ഖറദാവിയുടെ മയ്യിത്ത് നമസ്കാരം കഴിഞ്ഞു മടങ്ങുന്നതിനിടെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിക്ക് സമീപത്ത് വെച്ചാണ് വാഹനം ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു.
ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദോഹയിലെ അല്‍ ഏബിള്‍ ഗ്രൂപ്പ് ചെയര്മാന് സിദ്ദിഖ് പുറായലിന്റെ സഹോദരനാണ്. മത്താര്‍ ഖദീമില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഏബിള്‍ ഇലക്ട്രിക്കല്‍സിന്റെ ഉടമയാണ്. ഖത്തര്‍ സോഷ്യല്‍ ഫോറം പ്രവര്ത്തകന് ആണ്.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് നസറുദ്ദീന്‍ എളമരത്തിന്റെ സഹോദരി സലീനയാണ് ഭാര്യ. മക്കള്‍: സഹല്‍ (ദുബായ്), സൗദ്, നിഷ്വ, റുഷ്ദ. മരുമകള്‍: മുന (കൊണ്ടോട്ടി). സഹോദരങ്ങള്‍: സിദ്ദിഖ് പുറായില്‍, യാക്കൂബ് പുറായില്‍, യൂസഫ് പുറായില്‍, പരേതരായ മുഹമ്മദ് ബീരാന്, മുസ്തഫ.