മസ്‌കത്തിലെ ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള രണ്ടാം ഘട്ട പ്രവേശന അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 3,072 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത് www.indianschoolsoman.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഓരോ സ്‌കൂളുകളിലെയും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഒമാൻ റസിഡൻസ് വീസയുള്ള ഇന്ത്യക്കാരല്ലാത്ത മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർഥികൾക്കും അഡ്മിഷന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സ്‌കൂളുകളിൽ സീറ്റുകൾ ഉണ്ടെങ്കിൽ മാത്രമേ പ്രവേശനം ലഭിക്കു. അല്ലെങ്കിൽ സീറ്റുകൾ ലഭ്യമായ മറ്റ് സ്‌കൂളുകളെ സമീപിക്കേണ്ടിവരും. അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്.
ഒന്നാം ഘട്ടത്തിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും നറുക്കെടുപ്പിൽ അവസരം ലഭിച്ചിരുന്നു. ഏപ്രിൽ ആദ്യവാരത്തോടെ പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിക്കും. അതിനാൽ തന്നെ രണ്ടാം ഘട്ട നറുക്കെടുപ്പും വേഗത്തിൽ പൂർത്തിയാക്കും. ആവശ്യമായ രേഖകളും ഫീസും നേരത്തെ സ്‌കൂളുകളിൽ എത്തിച്ച് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.