തൊഴിലാളികൾക്ക് അവരുടെ പരാതികളും ആവലാതികളും രജിസ്റ്റർ ചെയ്യാൻ കമ്പനികൾ സംവിധാനം ഒരുക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. രാജകീയ ഉത്തരവ് (53/2923) പുറപ്പെടുവിച്ച തൊഴിൽ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ തീരുമാനം അമ്പതോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന ഓരോ തൊഴിലുടമയും പരാതികൾ പരിഹരിക്കാൻ ഒരു സംവിധാനം ഒരുക്കാൻ ബാധ്യസ്ഥരാണ്.
ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തൊട്ടടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. ഇനിപ്പറയുന്ന നടപടിക്രമങ്ങൾ പ്രകാരം തൊഴിലുടമ തനിക്കെതിരെ പുറപ്പെടുവിച്ച തീരുമാനത്തിനെതിരെ തൊഴിലാളിക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്.
പരാതികൾ ആദ്യം നേരിട്ട് മാനേജർക്കാണ് സമർപ്പിക്കേണ്ടത്. ഇതിനോട് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ നേരിട്ട് പ്രതികരിക്കാൻ മാനേജർ ബാധ്യസ്ഥനാണ്. ഈ സമയത്തിനുള്ളിൽ മാനേജർ മറുപടി നൽകിയിട്ടില്ലെങ്കിൽ തൊഴിലാളിക്ക് തന്റെ പരാതി തൊഴിലുടമക്കോ അദ്ദേഹത്തിന്റെ പ്രതിനിധിക്കോ സമർപ്പിക്കാം.
അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തൊഴിലുടമയോ അവന്റെ പ്രതിനിധിയോ ഈ കേസിൽ തീരുമാനമെടുക്കണം. ഇതിനോടും പ്രതികരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ലെങ്കിൽ തൊഴിലാളിക്ക് തൊഴിൽ മന്ത്രാലയത്തിലെ യോഗ്യതയുള്ള അഡ്മിനിസ്ട്രേറ്റിവ് ഡിവിഷനിലേക്ക് ഒരു സെറ്റിൽമെന്റ് അപേക്ഷ സമർപ്പിക്കാം.