ഗാലക്സി ലീഡർ കപ്പലിലെ ജീവനക്കാരുടെ മോചനത്തിലേക്ക് നയിച്ച ഒമാന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി. ചെങ്കടൽ മേഖലയിൽ സുരക്ഷ സ്ഥാപിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള പ്രാദേശിക, അന്തർദേശീയ സഹകരണത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതക്ക് പുറമെ, പ്രാദേശിക സ്ഥിരതയെയും സുരക്ഷയെയും പിന്തുണക്കുന്നതിൽ ഒമാന്റെ വിലപ്പെട്ട പങ്കിനെ ഈ ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ബുദൈവി ചൂണ്ടിക്കാട്ടി.
ഹൂതികളുടെ തടവിൽ കഴിഞ്ഞിരുന്ന ഗാലക്സി ലീഡർ കപ്പലിലെ ജീവനക്കാരെ ഒമാൻ്റെ ഇടപെലിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് യമനിൽ നിന്ന് വിട്ടയച്ചത്. ബഹാമാസ് രാജ്യത്തിന്റെ പതാകയുള്ള കപ്പൽ ചെങ്കടൽതീരത്തുനിന്ന് ഒരുവർഷം മുമ്പാണ് ഹൂതികൾ പിടിച്ചെടുക്കുന്നത്. വിഷയത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന സുൽത്താനേറ്റിന്റെ മധ്യസ്ഥത വിജയം കണ്ടതോടെയാണ് കപ്പൽ ജീവനക്കാർ മോചിതരായത്. ബൾഗേറിയ, യുക്രെയ്ൻ, ഫിലിപ്പിൻസ്, മെക്സികോ ,റുമേനിയ എന്നിവിടങ്ങളിൽ നിന്നുള്ള 25 പൗരന്മാരാണ് കപ്പൽ ജീവനക്കാരിൽ ഉൾപ്പെട്ടിരുന്നത്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കപ്പൽ ജീവനക്കാരെ സനായയിൽ നിന്ന് റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ വിമാനത്തിൽ മസ്കത്തിലെത്തിച്ചിരുന്നു. കപ്പൽ ജീവനക്കാരെ വിട്ടയച്ചതിന് യമനിനോട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർഹമദ് അൽ ബുസൈദി നന്ദി അറിയിച്ചിരുന്നു.