16കാരിയെ കഴുത്തറുത്ത് കൊന്ന് തലയുമായി കടന്നുകളഞ്ഞ സംഭവം; ആത്മഹത്യ ചെയ്തത് പ്രകാശല്ല, പ്രതിയെ അറസ്റ്റ് ചെയ്തു

കർണാടകയിൽ വിവാഹം നീട്ടിവച്ച വൈരാഗ്യത്തിൽ 32കാരൻ കൊലപ്പെടുത്തിയ 16കാരിയുടെ തല കണ്ടെടുത്തു. മടിക്കേരിയിലെ സർലബ്ബി സ്വദേശിനിയായ മീനയുടെ തലയാണ് പൊലീസ് കണ്ടെത്തിയത്. അതേസമയം, പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിയായ പ്രാകാശിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ആത്മഹത്യ ചെയ്‌തെന്ന തരത്തിലുളള വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാൽ സർലബ്ബിയിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേത് എന്ന തരത്തിൽ പ്രചരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അഞ്ചരമണിയോടുകൂടിയായിരുന്നു കൊലപാതകം നടന്നത്. മീന എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ ആഘോഷം വീട്ടിൽ നടക്കുന്നതിന്റെ ഇടയിലായിരുന്നു കൊലപാതകം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രകാശ് പെൺകുട്ടിയുടെ മാതാപിതാക്കളെ മരം വെട്ടാനുപയോഗിക്കുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനുപിന്നാലെ മീനയെ വീടിന് പുറത്തേക്ക് നൂറ് മീറ്ററോളം വലിച്ചിഴച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ പ്രതി പെൺകുട്ടിയുടെ അറുത്തെടുത്ത തലയുമായി കടന്നുകളയുകയായിരുന്നു.

പെൺകുട്ടിയും പ്രതിയുമായുളള വിവാഹനിശ്ചയം വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. എന്നാൽ ബാലവിവാഹം നടക്കുന്നുവെന്ന വിവരം ലഭിച്ച വനിതാ ശിശുവികസന വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മീനയുടെയും പ്രകാശിന്റെയും മാതാപിതാക്കളോട് സംസാരിച്ചിരുന്നു. തുടർന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനുശേഷം വിവാഹം നടത്താമെന്ന് ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഇതോടെ പ്രകാശും ബന്ധുക്കളും മീനയുടെ വീട്ടിൽ നിന്നും മടങ്ങി പോയിരുന്നു. വിവാഹം മുടങ്ങിയതിലുളള ദേഷ്യം കാരണമാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *