ഹെല്‍മെറ്റ് ധരിച്ചവര്‍ക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വെളുത്തുള്ളി സമ്മാനവുമായി ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്ക് വെളുത്തുള്ളി സമ്മാനമായി നല്‍കിയത്.

സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നല്‍കിയത്. ഒരോരുത്തര്‍ക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നല്‍കിയത്. തമിഴ്നാട്ടില്‍ ഇപ്പോള്‍ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. ‘വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെല്‍മെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും’ എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്.

ഒരു സന്നദ്ധസംഘടനയുമായി ചേര്‍ന്നായിരുന്നു പരിപാടി നടത്തിയത്. ഇതുപ്രകാരം 50 പേര്‍ക്ക് വെളുത്തുള്ളി നല്‍കി. ഹെമെറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയിലേക്ക് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഈ ശ്രമത്തിന്റെ ലക്ഷ്യമെന്നാണ് സംഘാടകരായ പോലീസുകാര്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ വെളുത്തുള്ളി വില കിലോയിക്ക് 500 രൂപ വരെയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം വരെ 400 രൂപ മുതല്‍ 450 രൂപ വരെയായിരുന്നു വില. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വെളുത്തുള്ളി വരവ് മൂന്നിലൊന്നായി കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉത്പാദനച്ചെലവ് കൂടിയതിനാല്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി കൃഷി ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *