മണ്ഡി: ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരികൾ യാത്രചെയ്തിരുന്ന ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കസോളിലേക്ക് പോകുകയായിരുന്ന ബസ് പുലർച്ചെ നാലുമണിയോടെയാണ് അപകടത്തിൽ പെട്ടത്. ഛണ്ഡീഗഢ് -മണാലി ദേശീയ പാതയിൽ മണ്ഡിക്ക് സമീപത്തായാണ് ബസ് മറിഞ്ഞത്.
കുളുവിലെ പാർവതി വാലിയിലുള്ള കസോളിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. ബസിൽ മൊത്തം 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരേയും മണ്ഡിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഎസ്പി മന്ദിർ സാഗർ ചന്ദർ അറിയിച്ചു.
അമിതവേഗതയാണ് അപകടകാരണം എന്നാണ് പോലീസും ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ള യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യമുണ്ടായാൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.