സ്മൃതി ഇറാനിയെ തോൽപ്പിച്ചത് അമേഠിയിലെ ജനങ്ങൾ ; കോൺഗ്രസ് നേതാവ് കിഷോരി ലാൽ

സ്മൃതി ഇറാനിയെ തോൽപിച്ചത് അമേഠിയിലെ ജനങ്ങളെന്ന് കോൺ​ഗ്രസ് നേതാവ് കിഷോരി ലാൽ . അമേഠി മണ്ഡലം ഇപ്പോഴും ​ഗാന്ധി കുടുംബത്തിന്റേതാണെന്നും കിഷോരി ലാൽ പറഞ്ഞു. നല്ല പ്രകടനം പാർലമെന്റിൽ കാഴ്ച വെക്കണമെന്ന് രാഹുൽ ഗാന്ധി ഉപദേശിച്ചു. വിനയം കാത്ത് സൂക്ഷിക്കണമെന്ന് സോണിയ ഗാന്ധിയും മണ്ഡലത്തിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് പ്രിയങ്കയും പറഞ്ഞുവെന്ന് കിഷോരി ലാൽ വ്യക്തമാക്കി.

കഴിഞ്ഞ തവണ കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർഥിയുമായിരുന്ന രാഹുൽ ഗാന്ധിയെ മലർത്തിയടിച്ച സ്മൃതി ഇറാനി ഇക്കുറി ഞെട്ടിക്കുന്ന പരാജയമാണ് അമേഠിയിൽ ഏറ്റുവാങ്ങിയത്. രാഹുലിന്‍റെ പകരക്കാരനായെത്തിയ കിഷോരി ലാൽ അക്ഷരാർത്ഥത്തിൽ മാജിക്ക് കാട്ടുകയായിരുന്നു. ഒരു ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കിഷോരി ലാൽ വിജയിച്ചത്.

താൻ ജയിക്കുമോയെന്ന് ജനങ്ങളോട് ചോദിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിഷോരി ലാൽ പറഞ്ഞത്. ഗാന്ധി കുടുംബത്തിന്‍റെ പ്യൂൺ എന്ന് വിളിക്കുന്നവർ അവരുടെ സംസ്കാരം കാണിക്കുന്നുവെന്ന് പറഞ്ഞ കിഷോരി, സ്മൃതി ഇറാനി സാധാരണ സ്ഥാനാർത്ഥിയാണെന്നും നുണ പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്നും വിമർശിച്ചിരുന്നു. ജനങ്ങളുമായി അടുത്ത ബന്ധമുള്ള താൻ അനായാസം ജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞ എതിരാളികൾ വീണ്ടും വീണ്ടും കിഷോരി ലാൽ ദുർബലനാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മിന്നുന്ന വിജയമാണ് കിഷോരിലാലിനുണ്ടായത്. 

Leave a Reply

Your email address will not be published. Required fields are marked *