സ്ത്രീകള്‍ക്ക് സംവരണവുമായി കേന്ദ്രസര്‍ക്കാര്‍; ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ലീപ്പര്‍-എസി ക്ലാസുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍

ട്രെയിനുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് സംവരണം അനുവദിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘദൂര മെയില്‍/ എക്‌സ്പ്രസ് ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ ക്ലാസുകളിലും ആറു ബര്‍ത്തുകള്‍ പ്രായഭേദമെന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ നല്‍കാന്‍, 1989 റെയില്‍വേ ആക്ട് സെക്ഷന്‍-58 അനുവദിക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു.

ഇതു പ്രകാരം, ഗരീബ് രഥ് /രാജധാനി/തുരന്തോ/പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനുകളിലെ 3 എസി ക്ലാസിലും പ്രായഭേദമന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ലഭിക്കും. മിക്ക ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലും സെക്കന്‍ഡ് ക്ലാസ് കം ലഗേജ് കം ഗാര്‍ഡ്‌സ് കോച്ചുകളില്‍ (SLR) സ്ത്രീകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.സ്ലീപ്പര്‍ ക്ലാസില്‍ ഒരു കോച്ചില്‍ ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകള്‍ കൂട്ടായി റിസര്‍വ് ചെയ്യാവുന്നതാണ്. 3ACയില്‍ ഓരോ കോച്ചിലും നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും, 2AC ക്ലാസുകളില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും മുതിര്‍ന്ന പൗരന്മാര്‍ക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും, ഗര്‍ഭിണികള്‍ക്കും റിസര്‍വേഷന്‍ ചെയ്യാവുന്നതാണ്.സ്ത്രീ യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുക, അവരുടെ സുരക്ഷിതവും സുഖകരവുമായ യാത്രയ്ക്കായി മറ്റ് സൗകര്യങ്ങള്‍ ഒരുക്കുക എന്നിവ മന്ത്രാലയം ഗൗരവത്തോടെ കാണുന്നു. പ്രശ്‌നബാധിതമായ റൂട്ടുകളില്‍ സ്ത്രീ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റെയില്‍വേ പൊലീസിന് പുറമേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ട്രെയിനില്‍ അകമ്പടി സേവിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *